കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി കസ്റ്റംസ് പിടിയില്‍. താഴെ മനേടത്ത് സംജു(39)വിനെയാണ് അറസ്റ്റ് ചെയ്തത്. കള്ളക്കടത്ത് സ്വര്‍ണം ജ്വല്ലറികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിന്‍റെ മുഖ്യകണ്ണിയെന്ന സംശയത്തിലാണ് അറസ്റ്റ്. കൊച്ചി കമീഷണറേറ്റില്‍നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് ഡിവിഷന്‍ സ്ക്വാഡാണ് സംജുവിനെ പിടികൂടിയത്.
കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തെത്തിച്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്. എരഞ്ഞിക്കലിലെ മിയാമി കണ്‍വന്‍ഷന്‍ സെന്റര്‍ പാര്‍ട്ണറാണ് സംജുവെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. സംജുവിന്റെ സഹോദരനെയും ഭാര്യപിതാവിനെയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ ഡിആര്‍ഐ പിടികൂടിയിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്തതില്‍നിന്ന് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില ജ്വല്ലറികളിലും കസ്റ്റംസ് പരിശോധനയുണ്ടായി.
കേസില്‍ 2 പേരെകൂടിഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ റമീസിന്‍റെ കൂട്ടാളികളായ മഞ്ചേരി എസ് എസ് ജ്വല്ലറി ഉടമ തൃക്കലങ്ങോട് തറമണ്ണില്‍ വീട്ടില്‍ ടി എം മുഹമ്മദ് അന്‍വര്‍(43), വേങ്ങര സ്വദേശികളായ പറമ്പില്‍പ്പടി എടക്കണ്ടന്‍ വീട്ടില്‍ സൈതലവി (ബാവ -58), എന്നിവരാണ് അറസ്റ്റിലായത്.