കെ.അരവിന്ദ്
ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പല തന്ത്രങ്ങളും പയറ്റാറുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് യുലിപുകള്‍ എന്നറിയപ്പെടുന്ന ഓഹരി ബന്ധിത ഇന്‍ഷുറന്‍സ് പോളിസികള്‍ വ്യാജമായ ലാഭ സാധ്യത അവകാശപ്പെട്ട് വിറ്റഴിക്കുന്ന പ്രവണതയുണ്ടായിരുന്നു. ഇത്തരം തന്ത്രങ്ങളുടെ ശ്രേണിയില്‍ പെടുന്നതാണ് ചില ഇന്‍ഷുറന്‍സ് പോളിസികളിലെ ഗ്യാരന്റീഡ് റിട്ടേണ്‍ എന്ന വാഗ്ദാനവും.
മിക്കവാറും എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും എന്‍ഡോവ്മെന്റ് പോളിസികളുടെ വിഭാഗത്തില്‍ പെടുന്ന ഗ്യാരന്റീഡ് ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകളുണ്ട്. ഇത്തരം പോളിസികളില്‍ ബോണസ് പ്രഖ്യാപിക്കുന്നതിന് പകരം (ഇന്‍ഷുറന്‍സ് കമ്പനി നേടുന്ന ലാഭത്തിന് അനുസരിച്ച് ബോണസില്‍ ഏറ്റക്കുറച്ചിലുണ്ടാകും) ഗ്യാരന്റീഡ് റിട്ടേണ്‍ എന്ന പേരില്‍ ഒരു തുക നല്‍കുകയാണ് ചെയ്യുന്നത്.
ഗ്യാരന്റീഡ് റിട്ടേണ്‍ ഓരോ പ്ലാനിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും. ചില പ്ലാനുകളില്‍ സം അഷ്വേര്‍ഡിന്റെ അടിസ്ഥാനത്തിലാണ് ഗ്യാരന്റീഡ് റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്നത്. ചില പ്ലാനുകളില്‍ ഗ്യാരന്റീഡ് റിട്ടേണ്‍ പോളിസിയുടെ രണ്ടാമത്തെ വര്‍ഷം മുതല്‍ പ്ലാനില്‍ ഉള്‍പ്പെട്ടിരിക്കും. അതേ സമയം മറ്റു ചില പ്ലാനുകളില്‍ ഗ്യാരന്റീഡ് റിട്ടേണ്‍ ഉള്‍പ്പെടുത്തുന്നത് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ്.
ചില പ്ലാനുകള്‍ മണി-ബാക്ക് പ്ലാനുകള്‍ പോലെ നിശ്ചിത ഇടവേളകളില്‍ പോളിസി ഉടമയ്ക്ക് സ്ഥിരമായി വരുമാനം നല്‍കുകയാണ് ചെയ്യുന്നത്. മറ്റു ചില പ്ലാനുകളില്‍ പോളി സി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ ഒരു തുക ഒന്നിച്ച് ലഭിക്കുന്നു. ചില പ്ലാനുകളില്‍ കാലയളവ് പൂര്‍ത്തിയായതിനു ശേഷം നിശ്ചിത വര്‍ഷങ്ങളില്‍ വരുമാനം നല്‍കുന്നു.
യഥാര്‍ത്ഥത്തില്‍ ഇത്തരം പ്ലാനുകളില്‍ നല്‍കുമെന്ന് പറയുന്ന റിട്ടേണ്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ താഴ്ന്ന റിട്ടേണാണ്. സാധാരണ എന്‍ ഡോവ്മെന്റ,് മണിബാക്ക് പോളിസികളില്‍ നിന്നും നാല് ശതമാനം മുതല്‍ ആറ് ശതമാനം വരെയാണ് നിക്ഷേപകന് ലഭിക്കുന്ന റിട്ടേണ്‍. ഗ്യാരന്റീഡ് റിട്ടേണ്‍ പ്ലാനുകളില്‍ നിന്നുള്ള റിട്ടേണ്‍ ഇതിലും താഴെയാണ്.
ഒരു ഉദാഹരണം നോക്കാം. പത്ത് വര്‍ഷം കാലയളവുള്ള പോളിസിയില്‍ എട്ട് വര്‍ഷമാണ് പ്രീമിയം അടയ്ക്കേണ്ടത് എന്നിരിക്കട്ടെ. പ്രീമിയത്തിന്റെ 150 ശതമാനം വീതം പോളിസി കാലയളവിനു ശേഷമുള്ള അടുത്ത എട്ട് വര്‍ഷകാലം പോളിസി ഉടമയ്ക്ക് തിരികെ ലഭിക്കുന്നു. ആകര്‍ഷകമാണല്ലോ ഈ റിട്ടേണ്‍ എന്ന് തോന്നുക സ്വാഭാവികം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോളിസി ഉടമയ്ക്ക് ലഭിക്കുന്ന റിട്ടേണ്‍ എത്രയാണ്?
എട്ട് വര്‍ഷമാണ് പ്രീമിയം അടയ്ക്കേണ്ട തെങ്കിലും പോളിസി കവറേജ് പത്ത് വര്‍ഷത്തേക്കാണ്. പത്ത് വര്‍ഷം കഴിഞ്ഞാല്‍ അടുത്ത എട്ട് വര്‍ഷം വരുമാനം ലഭിക്കും. 20,000 രൂപയാണ് വാര്‍ഷിക പ്രീമിയമെങ്കില്‍ 30,000 രൂപയായിരിക്കും ഓരോ വര്‍ഷവും ലഭിക്കുന്ന വരുമാനം. യഥാര്‍ത്ഥത്തില്‍ പത്താമത്തെ വര്‍ഷം മുതല്‍ പതിനേഴാമത്തെ വര്‍ഷം വരെ ലഭിക്കുന്ന ഈ വരുമാനത്തില്‍ നിന്നും പോളിസി ഉടമക്ക് ലഭിക്കുന്ന റിട്ടേണ്‍ 2.9 ശതമാനം മാത്രമാണ്. പോളിസി ഉടമ യഥാര്‍ത്ഥത്തില്‍ കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്.