ദിസ്പൂര്‍: അസമില്‍ കൊവിഡിനൊപ്പം വെള്ളപ്പൊക്കവും രൂക്ഷമായികൊണ്ടിരിക്കുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇന്നലെ അഞ്ച് പേര്‍ മരിച്ചു. ഇതോടുകൂടി പ്രളയത്തെ തുടര്‍ന്നുളള മരണസംഖ്യ 76 ആയി. സംസ്ഥാനത്തെ 28 ജില്ലകളിലായി 36 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ബാര്‍പേട്ട, ധേമാജി, ഉഡല്‍ഗുരി, ഗോള്‍പാറ, ദിബ്രുഗഡ് എന്നീ ജില്ലകളില്‍ നിന്ന് 26 പേര്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ടു. ദുബ്രി, ഗോള്‍പാറ, ബാര്‍പേട്ട, മോറിഗാവ് എന്നീ നാല് ജില്ലകളിലാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. 28 ജില്ലകളിലായി 3,014 ഗ്രാമങ്ങളും 1,27,955 ഹെക്ടര്‍ കൃഷിഭൂമിയും പ്രളയത്തില്‍ മുങ്ങിപ്പോയി. നൂറുകണക്കിന് വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഏറ്റവുമധികം വര്‍ധിച്ച സമയത്താണ് വെള്ളപ്പൊക്കം ഉണ്ടായിരിക്കുന്നത്. 21,000ത്തിലധികം കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട ചെയ്തിട്ടുളളത്. കോവിഡ് ബാധിച്ച് 51 പേര്‍ മരിക്കുകയും ചെയ്തു. കോവിഡും പ്രളയവും ഒരേസമയത്ത് ബാധിച്ചിരിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇരട്ട വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഒരേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തകരായും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തകരായും സംസ്ഥാനത്തെ പോരാട്ടത്തെ നയിക്കുന്നത് മുന്‍നിര സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. പ്രളയ സമയത്തും സാമൂഹിക അകലം പാലിക്കുന്നതിനായുളള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.