പുതുതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിലിം ചേംബര്‍ .ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു ശേഷം പുതിയ സിനിമകള്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് വിലക്ക്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് പുതുതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമകളെ ഫിലിം ചേംബര്‍ വിലക്കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് അറുപതോളം സിനിമകളുടെ ചിത്രീകരണമാണ് മുടങ്ങിയത്. പുതിയ സിനിമകളുടെ ചിത്രീകരണം പാടില്ലെന്ന നിലപാടായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയോഷനും സ്വീകരിച്ചത്.
എന്നാല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനത്തെ വെല്ലുവിളിച്ചു കൊണ്ട് നിരവധി ചിത്രങ്ങളുടെ ഷൂട്ടിങ്ങ് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രൊഡ്യൂസേഴിസിന്‍റെ നിലപാടിനെ മറികടന്നു കൊണ്ട് മോഹന്‍ലാല്‍ ചിത്രം ദ്യശ്യം2 ന്‍റെ ചിത്രീകരണം ആരംഭിക്കുന്നുവെന്ന വാര്‍ത്തയും ഒരുപാട് ചര്‍ച്ചകള്‍ക്കിടയാക്കിയതാണ്. ഈ സാഹചര്യത്തിലാണ് പുതിയ സിനിമകളുടെ ചിത്രീകരണത്തിന് വിലക്കുമായി ഫിലിം ചേംബര്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം പുതിയ സിനിമകള്‍ക്ക് ഫെഫ്ക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.