ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന്റെ നിയന്ത്രണം രാഷ്ട്രീയക്കാരെക്കൊണ്ട് ഏറ്റെടുപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷകര്‍. രാഷ്ട്രീയക്കാര്‍ സമര വേദിയില്‍ നിന്ന് അഭിസംബോധന ചെയ്യുകയാണെങ്കില്‍ അത് തങ്ങളുടെ വ്യവസ്ഥകളുടെ ലംഘനമാണെന്നും രാഷ്ട്രീയക്കാര്‍ക്ക് വന്ന് പ്രതിഷേധക്കാര്‍ക്കൊപ്പം ഇരിക്കാമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാവും ഭാരതീയ കിസാന്‍ യൂണിയന്റെ പ്രതിനിധിയുമായ ബൂട്ടാ സിംഗ് ബുര്‍ജില്‍ പറഞ്ഞു.
പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ നേതാക്കളെ തങ്ങളുടെ റാലിക്ക് സമീപം അനുവദിക്കരുതെന്ന് കര്‍ഷകര്‍ പറയുന്നത്. രാഷ്ട്രീയ നേതാക്കളുമായി വേദി പങ്കിടുന്നതിനെക്കുറിച്ച് കര്‍ഷകരുടെ നിലപാട് എന്തെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ബൂട്ടാ സിംഗ് ബുര്‍ജിസിന്റെ മറുപടി. കര്‍ഷക നേതാവ് രാകേഷ് ടികായതിനെ രാഷ്ട്രീയ നേതാക്കള്‍ കണ്ടതിന് പിന്നാലെയാണ് പ്രതികരണം.
കര്‍ഷക പ്രതിഷേധത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നും പ്രതിഷേധത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പതാക ഉപയോഗിക്കില്ലെന്നും ധാദന്‍ ഖാപ്പ് നേതാവും ഭാരതീയ കിസാന്‍ യൂണിയന്റെ ഹരിയാനയിലെ ജിന്ദ് ജില്ലാ പ്രസിഡന്റുമായ ആസാദ് പാല്‍വാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.കര്‍ഷക സമരത്തിന് പരിഹാരം കാണും വരെ 306 ഗ്രാമങ്ങളില്‍ ബിജെപിയെ വിലക്കിയതായും അദ്ദേഹം പറഞ്ഞു. കല്യാണം പോലുള്ള പരിപാടികളില്‍ ഒന്നും തന്നെ ബിജെപിക്കാരയോ ജെജെപിക്കാരയോ ക്ഷണിക്കേണ്ടതില്ലെന്നാണ് തീരുമാനം.











