ഒരു രാജ്യത്തെ സര്‍ക്കാര്‍ ആരുടെ കൂടെ നില്‍ക്കുന്നുവെന്നത് അതിന്റെ നികുതി നയങ്ങളില്‍ നിന്ന് മനസിലാക്കാം. 2018 ല്‍ കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറച്ച കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകളോടുള്ള കൂറ് അതിലൂടെ സംശയലേശമന്യെ പ്രഖ്യാപിച്ചു. കോവിഡിനെ പ്രതിരോധിക്കാനെന്ന പേരില്‍ പാചകവാതക സബ്സിഡി നിര്‍ത്തലാക്കിയും പെട്രോളിനും ഡീസലിനുമുള്ള നികുതികള്‍ കുറയ്ക്കാതെയും തങ്ങളുടെ ജനവിരുദ്ധത എത്രത്തോളമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കോര്‍പ്പറേറ്റുകളോട് ഉദാരമായ സമീപനം സ്വീകരിക്കുന്ന ഒരു സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളെ പിഴിയാന്‍ തുനിയുന്നത് ആധുനിക കാലത്തെ ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തില്‍ നിന്നും തീര്‍ത്തും കടകവിരുദ്ധമാണ്.
അതിസമ്പന്നര്‍ക്ക് നികുതി ചുമത്തുമെന്നും ഓഹരി വിപണിയില്‍ നിന്നുള്ള മൂലധന നേട്ടത്തിന് നികുതി കൊണ്ടുവരുമെന്നും പ്രഖ്യാപിച്ച ഡെമോക്രാറ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ജോ ബൈഡനെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഎസ് ജനത പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഈ രണ്ട് പ്രഖ്യാപനങ്ങളും പ്രതികൂലമായി ബാധിക്കുന്ന കോര്‍പ്പറേറ്റുകളുടെ അധിപന്‍മാരോ ഓഹരി നിക്ഷേപകരോ ബൈഡനെതിരെ തിരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിച്ചില്ല. പൊതുവെ ജനക്ഷേമ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയാണ് ഈ നികുതി നയങ്ങളെന്ന വിശാല മനോഭാവമാണ് അവരെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുപരിയായ നിലപാടിന്റെ അടിസ്ഥാനത്തില്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചത്.
യുഎസ് പോലെ ആഗോള മുതലാളിത്തത്തിന്റെ ഈറ്റില്ലമായ ഒരു രാജ്യത്ത് സാധാരണ ക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി അതിസമ്പന്നര്‍ക്ക് അധിക നികുതി ചുമത്തുകയും കോവിഡിനെ തുടര്‍ന്നുള്ള അതീവ ദുര്‍ബലമായ സാമ്പത്തിക സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് പിന്തുണയേകുകയും ചെയ്യുന്ന നയങ്ങളുമായി ഒരു സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ജനങ്ങളില്‍ പകുതിയും ദാരിദ്ര്യരേഖത്ത് താഴെ കഴിയുന്ന ഒരു രാജ്യത്തെ സര്‍ക്കാര്‍ കടുത്ത ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. സാധാരണക്കാരന്‍ അടുപ്പില്‍ തീ പുകയ്ക്കുന്നതിനായി ആശ്രയിക്കുന്ന പാചകവാതകത്തിന് സബ്സിഡി പോലും നിഷേധിക്കുന്ന ഒരു സര്‍ക്കാര്‍ ജനവിരുദ്ധതയാണ് തങ്ങളുടെ മുഖമുദ്രയെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.
കോവിഡിനെ തുടര്‍ന്നുള്ള സവിശേഷ സാഹചര്യത്തില്‍ പാചകവാതകത്തിന് സബ്സിഡി നല്‍കുന്നത് നിര്‍ത്തിവെച്ചിട്ട് ഒരു വര്‍ഷമായി. വര്‍ഷത്തില്‍ 20,000 കോടി രൂപയാണ് ഇതിലൂടെ സര്‍ക്കാരിന് ലഭിക്കുന്നത്. വര്‍ഷത്തില്‍ 20,000 കോടി രൂപ ലഭിക്കാന്‍ സാധാരണക്കാരന്‍ ഭക്ഷണം ഉണ്ടാക്കാന്‍ ആശ്രയിക്കുന്ന പാചകവാതകത്തിന് സബ്സിഡി നിഷേധിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കുറച്ചതിലൂടെ 1.4 കോടി രൂപയുടെ ഔദാര്യം നല്‍കിയത്.
പെട്രോളിനും ഡീസലിനുമുള്ള നികുതി ക്രൂഡ് ഓയില്‍ വില കുറയുന്ന സമയത്ത് തുടര്‍ച്ചയായി കൂട്ടികൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ വില കുറയുമ്പോള്‍ നികുതി കുറച്ച് സാധാരണക്കാരന് കത്തുന്ന ഇന്ധന വിലയുടെ കൊടുംചൂടില്‍ നിന്നും അല്‍പ്പം ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നുമില്ല.
മൃഗീയഭൂരിപക്ഷം തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളെ മാനിക്കാത്ത നയങ്ങളുമായി മുന്നോട്ടുപോകാന്‍ ഒരു സര്‍ക്കാരിനെ പ്രേരിപ്പിക്കുമ്പോള്‍ ജനാധിപത്യം നോക്കുകുത്തിയാകുന്ന കാഴ്ചയാണ് രൂപം കൊള്ളുന്നത്.