English हिंदी

Blog

Rahul-Modi

 

നരേന്ദ്രമോദി കേരളത്തില്‍ വന്ന്‌ എന്ത്‌ രാഷ്‌ട്രീയ പ്രസ്‌താവന നടത്തിയാലും അത്‌ ജനങ്ങളിലുണ്ടാക്കുന്ന സ്വാധീനത്തിന്‌ ഒരു പരിധിയുണ്ട്‌. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ കാര്യം അങ്ങനെയല്ല. അദ്ദേഹത്തിന്‌ എത്രത്തോളം കേരളത്തിലെ ജനങ്ങളെ സ്വാധീനിക്കാനാകുമെന്ന്‌ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാം കണ്ടതാണ്‌. അതുകൊണ്ടാണ്‌ മോദിയുടെ ഭരണനൈപുണ്യത്തെ അദ്ദേഹത്തെ മുന്നിലിരുത്തി വാഴ്‌ത്താന്‍ മടി കാണിക്കാത്ത പിണറായി വിജയന്‍ രാഹുല്‍ഗാന്ധിയുടെ രാഷ്‌ട്രീയ പ്രസ്‌താവനക്കുള്ള മറുപടി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്‌താവനയിലൊതുക്കാതെ എതിര്‍വാചകങ്ങളുമായി മുന്നിട്ടിറങ്ങുന്നത്‌.

നരേന്ദ്ര മോദിക്കോ പിണറായി വിജയനോ ഇല്ലാത്ത ഒന്ന്‌ രാഹുല്‍ഗാന്ധിക്കുണ്ട്‌. സാധാരണക്കാരനെ ചേര്‍ത്തുപിടിക്കാനും അവരോടൊപ്പം അവരുടെ പ്രവൃത്തികളില്‍ കൂട്ടാകാനുമുള്ള ഒരു മനസ്‌. അതെല്ലാം മീഡിയയെ ലക്ഷ്യമാക്കിയുള്ള പബ്ലിക്‌ റിലേഷന്‍സ്‌ നാടകമാണെന്ന്‌ വേണമെങ്കില്‍ ആരോപിക്കാം. അതേ സമയം പബ്ലിക്‌ റിലേഷന്‍സ്‌ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്‌ ഏതൊരു നേതാവിന്റെയും ഇമേജ്‌ രൂപപ്പെടുത്തുന്നത്‌. ഓരോ നേതാവും ഓരോ തരത്തിലായിരിക്കും അതിനുള്ള ഇടപെടലുകള്‍ നടത്തുന്നത്‌. ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്‌ തന്റെ പേര്‌ നല്‍കുന്നതും മയിലിനൊപ്പവും ഗുഹയില്‍ ധ്യാനിച്ചും ഇരിക്കുന്ന മുഹൂര്‍ത്തങ്ങളുടെ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നതുമാണ്‌ മോദിയുടെ പബ്ലിക്‌ റിലേഷന്‍സ്‌ പരിപാടികളെങ്കില്‍ സാധാരണ നിലയില്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നത്‌ തന്നെ ചതുര്‍ത്ഥിയാണെങ്കിലും ദുരന്തങ്ങളും മഹാമാരികളും വരുമ്പോള്‍ എല്ലാ ദിവസവും നിശ്ചിത സമയത്ത്‌ ടിവിയില്‍ ലൈവായി സംപ്രേഷണം ചെയ്യുന്ന വാര്‍ത്താ സമ്മേളനങ്ങളില്‍ പ്രത്യക്ഷപ്പെട്ടായിരിക്കും പിണറായി വിജയന്‍ പൊതുജനബന്ധം രൂപപ്പെടുത്തുന്നത്‌. അകലങ്ങളില്‍ നിന്നുകൊണ്ടുള്ള ഈ പൊതുജന സമ്പര്‍ക്ക രീതിയില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌ രാഹുല്‍ഗാന്ധിയുടേത്‌.

Also read:  കോൺഗ്രസിൽ വീണ്ടും കലഹത്തിൻ്റെ കൊടിയുയരുന്നു

ജനിച്ചതും വളര്‍ന്നതും അധികാരം തലമുറകളായി കൈമാറി കിട്ടിയ ഒരു കുടുംബത്തിലാണെങ്കിലും തൊഴിലാളി വര്‍ഗ കുടുംബങ്ങളില്‍ നിന്നും വന്ന മോദിക്കോ പിണറായിക്കോ ഇല്ലാത്ത സാധാരണക്കാരനെ ചേര്‍ത്തുപിടിക്കാനുള്ള മനസ്‌ രാഹുല്‍ഗാന്ധിക്കുണ്ട്‌. അയാള്‍ സംസാരിക്കുമ്പോള്‍ ഒരിക്കലും മോദിയിലോ പിണറായിയിലെ കാണുന്ന താനെന്ന ഭാവവും ഔദ്ധത്യവും പ്രകടമാകുന്നില്ല. രണ്ടാം യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയാകാന്‍ തന്നെ അവസരമുണ്ടായിട്ടും `സമയമായില്ല’ എന്ന അപൂര്‍വമായി മാത്രം രാഷ്‌ട്രീയത്തില്‍ കേള്‍ക്കുന്ന കാത്തിരിപ്പിന്റെ സ്വരം പുറപ്പെടുവിച്ച നേതാവാണ്‌ രാഹുല്‍. മോദിക്കോ പിണറായിക്കോ പാര്‍ട്ടിയിലായാലും ഭരണത്തിലായാലും അധികാരത്തിനോടുള്ള അതിയായ ആസക്തി രാഹുലില്‍ കാണാനാകുന്നില്ല.

Also read:  കേരളത്തെ നിര്‍മല അസത്യം പറഞ്ഞ്‌ അവഹേളിക്കുന്നു

ഒരു പക്ഷേ ഒരു രാഷ്‌ട്രീയനേതാവ്‌ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്കുള്ള കുറവും അത്‌ തന്നെയാകും. അധികാരം എന്ന ലക്ഷ്യമല്ല അയാളുടെ രാഷ്‌ട്രീയത്തെ നയിക്കുന്നത്‌. മോഹമാണ്‌ ഏതൊരു വ്യക്തിയുടെയും വിജയപരാജയങ്ങളെ നിര്‍ണയിക്കുന്നത്‌. മോഹമില്ലാത്ത ഒരാള്‍ക്ക്‌ അധികാര രാഷ്‌ട്രീയത്തില്‍ മുന്നോട്ടു പോകുന്നതിന്‌ പരിമിതികളുണ്ട്‌. പത്ത്‌ വര്‍ഷം മുമ്പത്തെ സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥനില്‍ നിന്ന്‌ ഇന്നത്തെ അരവിന്ദ്‌ കെജ്‌റിവാള്‍ വ്യത്യസ്‌തനായിരിക്കുന്നത്‌ ലക്ഷ്യബോധവും മോഹവും ഒരാളെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നു എന്നതുകൊണ്ടാണ്‌. പത്ത്‌ വര്‍ഷം മുമ്പത്തെ താനില്‍ നിന്ന്‌ പ്രത്യക്ഷമായി ഇപ്പോഴും രാഹുല്‍ അധികമൊന്നും വ്യത്യസ്‌തനല്ലാത്തതും ലക്ഷ്യബോധവും മോഹവും ഏറെയൊന്നും ഇല്ലാത്തത്‌ ഒരാളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതുകൊണ്ടാണ്‌.

രാഹുല്‍ വിചാരിച്ചാല്‍ നാളെ മോദിയെ താഴെയിറക്കാന്‍ പറ്റുമെന്നല്ല. പക്ഷേ മോദിയെ അധികാരത്തില്‍ നിന്ന്‌ താഴെയിറക്കുന്നതിലുപരി ആ സ്ഥാനത്ത്‌ തനിക്ക്‌ എത്തിപ്പെടണമെന്ന ലക്ഷ്യബോധമുണ്ടെങ്കില്‍ രാഹുല്‍ ഇന്ന്‌ മുതല്‍ അതിനായി പ്ലാന്‍ ചെയ്യാനും പ്രവര്‍ത്തിക്കാനും തുടങ്ങും. അത്തരമൊരു പ്ലാനും പ്രവൃത്തിയും മോദിക്കും പിണറായിക്കുമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്‌.

Also read:  ഗാന്ധിജി എന്ന സമരജീവിയെയും മോദി തള്ളിപ്പറയുമോ?

രാഹുല്‍ മികച്ച നേതാവാണെന്നും അയാള്‍ക്ക്‌ ജനങ്ങളെ കൈയിലെടുക്കാനാകുമെന്നും തെളിയിച്ച ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്‌. പക്ഷേ അധികാര രാഷ്‌ട്രീയത്തിന്റെ കേളിയില്‍ രാഹുലിന്‌ മുന്നേറാന്‍ കഴിയാതെ പോയത്‌ മുകളില്‍ പറഞ്ഞ മോഹത്തിന്റെ അഭാവം മൂലമാണ്‌. മത്സ്യതൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം പങ്കിട്ടും കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം തെരുവിലിരുന്നും സാധാരണക്കാരന്റെ ജീവിതത്തെ അറിയാന്‍ ശ്രമിക്കുന്ന, രഘുറാം രാജനുമായി സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച്‌ ആഴത്തില്‍ ചര്‍ച്ച നടത്തുന്ന രാഹുല്‍ഗാന്ധിക്ക്‌ ഒരു മികച്ച നേതാവിന്‌ വേണ്ട പല ഗുണങ്ങളുമുണ്ട്‌. മോഹങ്ങളുടെയും അവ സാക്ഷാല്‍ക്കരിക്കുന്നതിനുള്ള ആസൂത്രണത്തിന്റെയും അഭാവമാണ്‌ അദ്ദേഹത്തിന്റെ മുന്നോട്ടുപോക്കിനെ തടസപ്പെടുത്തുന്നത്‌.