English हिंदी

Blog

sreedharan

 

യുഎസ്‌ പോലുള്ള വികസിത രാജ്യങ്ങളില്‍ ജീവിതം തന്നെ രാഷ്‌ട്രീയത്തിനായി ഉഴിഞ്ഞുവെച്ചിരിക്കുന്നവര്‍ വിരളമാണ്‌. മറ്റ്‌ പ്രൊഫഷണല്‍ മേഖലകളില്‍ നീണ്ട കാലം പ്രവര്‍ത്തിച്ചതിനു ശേഷം രാഷ്ട്രീയത്തില്‍ തല്‍പ്പരരായി ആ രംഗത്തേക്ക്‌ കടന്നുചെല്ലുന്നവരാണ്‌ അവിടങ്ങളിലെ ഭരണാധികാരികളായി മാറുന്നത്‌. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടനെ രാഷ്‌ട്രീയത്തെ തൊഴിലായി കണ്ട്‌ ചാടിയിറങ്ങുന്ന നമ്മുടെ രാജ്യത്തേതു പോലുള്ള നേതാക്കളെ അവിടെ കാണാന്‍ സാധിക്കില്ല. ഭരണാധികാരത്തിലെത്തിയവര്‍ പോലും ഒരു നിശ്ചിത കാലത്തിനു ശേഷം രാഷ്‌ട്രീയത്തില്‍ നിന്ന്‌ പിന്‍വാങ്ങുന്നതാണ്‌ അവിടുത്തെ രീതി. രാഷ്‌ട്രീയത്തിലും അധികാര തലത്തിലും അഴിമതിയും സ്വജനപക്ഷപാതവും കുറയാന്‍ ഈ രീതി ഏറെ സഹായകമാണ്‌. രാഷ്‌ട്രീയത്തെ തൊഴിലായി കാണുന്നവര്‍ ഭരിക്കുന്നതാണ്‌ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ അഴിമതിയുടെ വിളനിലമായി മാറുന്നതിന്‌ കാരണം.

ഇന്ത്യയില്‍ സമീപകാലത്ത്‌ മറ്റ്‌ മേഖലകളില്‍ നിന്ന്‌ രാഷ്‌ട്രീയത്തിലേക്ക്‌ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്‌. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌റിവാള്‍ ഉദാഹരണം. സിവില്‍ സര്‍വീസ്‌ രംഗത്തെ ഏറെ കാലമായുള്ള അനുഭവ പരിചയത്തിനു ശേഷം സാമൂഹ്യപ്രവര്‍ത്തനത്തിലേക്കും പിന്നീട്‌ രാഷ്‌ട്രീയത്തിലേക്കും തിരിഞ്ഞ അരവിന്ദ്‌ കെജ്‌റിവാള്‍ വെല്‍ഫെയര്‍ പൊളിറ്റിക്‌സിന്റെ പുതിയ മാതൃകയും പ്രതീക്ഷയുമാണ്‌ മുന്നോട്ടുവെച്ചത്‌. രാഷ്‌ട്രീയത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ സാധിക്കുന്ന അത്തരം വ്യക്തികളുടെ വരവ്‌ രാജ്യത്തെ അധികാര ഘടനയിലെ പുഴുക്കുത്തുക്കളെ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന്‌ സഹായകമാകുമെന്നതില്‍ സംശയമില്ല.

Also read:  കേരളത്തെ നിര്‍മല അസത്യം പറഞ്ഞ്‌ അവഹേളിക്കുന്നു

ഇ.ശ്രീധരന്‍ രാഷ്‌ട്രീയത്തിലേക്ക്‌ പ്രവേശിക്കുന്നു എന്ന്‌ കേള്‍ക്കുമ്പോള്‍ ഈയൊരു പശ്ചാത്തലത്തില്‍ അത്‌ സ്വാഗതാര്‍ഹമാണല്ലോ എന്നായിരിക്കും മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവരുടെ ആദ്യത്തെ പ്രതികരണം. ദേശീയതലത്തില്‍ മലയാളിയുടെ യശസ്‌ ഉയര്‍ത്തിക്കാട്ടിയെന്ന നിലയില്‍ നമുക്ക്‌ അഭിമാനിക്കാവുന്ന ചുരുക്കം പേരില്‍ ഒരാളാണ്‌ മെട്രോമാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇ.ശ്രീധരന്‍. ഡിഎംആര്‍സിയുടെ കീഴില്‍ നടന്ന മെട്രോ റെയില്‍ പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ അദ്ദേഹം കാട്ടിയ പ്രൊഫഷണലിസം അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ഏറെ മുന്നോട്ടുപോകാനുള്ള നമ്മുടെ രാജ്യത്തിന്‌ ഒരു മാതൃകയാണ്‌.

Also read:  രാഷ്‌ട്രീയ ജീര്‍ണതയ്‌ക്ക്‌ ബദല്‍ അരാഷ്‌ട്രീയ വാദം അല്ല

പക്ഷേ ഇ.ശ്രീധരന്‍ അരവിന്ദ്‌ കെജ്രിവാളിനെ പോലെ പുതിയൊരു രാഷ്‌ട്രീയം മുന്നോട്ടുവെക്കുകയല്ല ചെയ്യുന്നത്‌. അദ്ദേഹം ബിജെപിയില്‍ ചേരുന്നതിന്‌ ഒരു കാരണം `ശുദ്ധ വെജിറ്റേറിയന്‍ ആയതുകൊണ്ടും ഇറച്ചി കഴിക്കുന്നവരെ ഇഷ്‌ടമില്ലാത്തതു കൊണ്ടും’ ആണ്‌. തനി യാഥാസ്ഥിതികനും കഴിക്കുന്ന ഭക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഇഷ്‌ടപ്പെടുകയും വെറുക്കുകയും ചെയ്യുന്ന അപകടകരമായ രാഷ്‌ട്രീയത്തിന്റെ വക്താവുമാണ്‌ അദ്ദേഹമെന്ന്‌ ഈ വാക്കുകളില്‍ നിന്ന്‌ വ്യക്തം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അദ്ദേഹത്തിന്റെ നിഴലായ അമിത്‌ ഷായോ പോലും പരസ്യമായി പറയാന്‍ ധൈര്യപ്പെടാത്ത വെറുപ്പിന്റെ രാഷ്‌ട്രീയം ഇങ്ങനെ തുറന്നടിച്ചു വെളിപ്പെടുത്തുന്ന ഒരാള്‍ മതേതരത്വത്തിനു വേണ്ടി നിലകൊള്ളുന്ന ഏതൊരാള്‍ക്കും അസ്വീകാര്യനാകേണ്ടതാണ്‌. പിണറായി വിജയന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നു എന്നു പറയുന്ന ശ്രീധരന്‌ മോദി സ്വീകരിച്ചുവരുന്ന ഏകാധിപത്യ മനോഭാവത്തില്‍ ഒരു കുഴപ്പവും കാണാന്‍ സാധിക്കുന്നില്ല.

Also read:  ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കെ. സുരേന്ദ്രന്‍

സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന തരത്തിലുള്ള കടമെടുക്കലാണ് കിഫ്ബി ചെയ്യുന്ന ഏറ്റവും വലിയ ‘ദ്രോഹം ‘ എന്ന് ശ്രീ ഇ.ശ്രീധരന്‍ പറഞ്ഞുവയ്ക്കുന്നു. കൊങ്കണ്‍ റെയില്‍വേ, ഡെല്‍ഹി മെട്രോ , കൊച്ചി മെട്രോ തുടങ്ങി അദ്ദേഹം നേതൃത്വം നല്‍കിയ പദ്ധതികളിലേതെങ്കിലും കടമെടുക്കാതെ പൂര്‍ത്തിയാക്കിയതാണോ എന്ന ചോദ്യം പ്രസക്തമാണ്.വന്‍തോതിലുള്ള നിക്ഷേപത്തിലൂടെ തന്നെയാണ് പൊതുജനാവശ്യത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ കെട്ടിപ്പൊക്കുന്നത്.

ശ്രീധരനെ പോലുള്ളവരുടെ രാഷ്‌ട്രീയ പ്രവേശം ബിജെപിക്ക്‌ അരാഷ്‌ട്രീയവാദികളില്‍ നിന്നുള്ള അംഗീകാരം ലഭിക്കാന്‍ സഹായകമായേക്കാം. പക്ഷേ വര്‍ഗീയതയുടെ വിഷം വിഴുങ്ങാന്‍ തയാറല്ലാത്ത ഭൂരിപക്ഷം വരുന്ന മലയാളികള്‍ ശ്രീധരനെ പോലുള്ളവരെ തിരഞ്ഞെടുപ്പില്‍ തിരസ്‌കരിക്കാന്‍ തന്നെയാണ്‌ സാധ്യത കൂടുതല്‍.