അടുത്ത കാലത്തൊന്നും ഓഹരി വിപണിക്ക് ഇത്രയേറെ ഉത്തേജനം നല്‍കിയ മറ്റൊരു ബജറ്റ് ഉണ്ടായിട്ടില്ല. ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശങ്ങള്‍ ഓഹരി വിപണിക്ക് നല്‍കിയ ഉത്തേജനം ഇന്ന് സെന്‍സെക്‌സ് അഞ്ച് ശതമാനം ഉയരുന്നതിനാണ് വഴിവെച്ചത്. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പുതിയ ചുവടുവെപ്പുകള്‍ നടത്തുന്നതാണ് വിപണിക്ക് ആവേശം പകര്‍ന്നത്. അതേ സമയം കോര്‍പ്പറേറ്റുകള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള കാര്യമായ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടെന്ന് പറയാനാകില്ല.
2021-22ല്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 22,000 കോടി രൂപ അധിക മൂലധനമായി നല്‍കുമെന്നാണ് നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനം. നടപ്പു സാമ്പത്തിക വര്‍ഷത്തിലും പൊതുമേഖലാ ബാങ്കുകള്‍ക്ക് 20,000 കോടി രൂപയുടെ സാമ്പത്തിക സഹായം സര്‍ക്കാരില്‍ നിന്ന് ലഭിക്കും. ബാങ്കുകളുടെ ബാലന്‍സ്‌ഷീറ്റ് ശുദ്ധീകരിക്കുന്നതിനായി ബാഡ് ബാങ്ക് സ്ഥാപിക്കുമെന്നും നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചു.
കോവിഡ് കാലത്ത് ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തി ഗണ്യമായി വര്‍ധിക്കുമെന്ന റിസര്‍വ് ബാങ്കിന്റെ നിഗമനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം. അതേ സമയം ആത്യന്തികമായി ഇത് സര്‍ക്കാരിനുള്ള ബാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ബാഡ് ബാങ്ക് എത്രത്തോളം ഫലപ്രദമായി നടപ്പിലാക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഉയര്‍ത്തിയത് ഒരു സുപ്രധാന സാമ്പത്തിക പരിഷ്‌കരണ നടപടിയാണ്. ഇന്‍ഷുറന്‍സ് കമ്പനികളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്നും 74 ശതമാനമായി ഉയര്‍ത്താനാണ് ബജറ്റ് നിര്‍ദേശം.
ഇത് കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്റെ പുതിയ വഴി തുറക്കുകയാണെന്ന് വാദിക്കാമെങ്കിലും ആത്യന്തികമായി ഉപഭോക്താക്കള്‍ക്ക് തന്നെയാകും അതിന്റെ ഗുണം ലഭിക്കുക. ടെലികോം പോലെ രണ്ടോ മൂന്നോ സ്വകാര്യ കമ്പനികളുടെ മേധാവിത്തം നിലനില്‍ക്കുന്ന മേഖലയല്ല ഇന്‍ഷുറന്‍സ്. ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തും ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തും പൊതുമേഖലാ കമ്പനികളാണ് മേധാവിത്തം പുലര്‍ത്തുന്നത്. അതേ സമയം പൊതുമേഖലാ കമ്പനികളേക്കാള്‍ കുറഞ്ഞ പ്രീമിയത്തില്‍ സ്വകാര്യ കമ്പനികള്‍ പോളിസി വില്‍ക്കുകയും ചെയ്യുന്നു. കൂടുതല്‍ കമ്പനികള്‍ ഈ രംഗത്ത് വരുന്നതോടെ പ്രീമിയം ഇനിയും കുറയാനും ഉപഭോക്താക്കള്‍ക്ക് ഗുണകരമാകാനും വഴിയൊരുങ്ങും.
സര്‍ക്കാരിന്റെ വരുമാനം ഉയര്‍ത്താനായി വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ഉയര്‍ത്തുന്ന രീതി ഈ ബജറ്റില്‍ വ്യാപകമാക്കിയിട്ടുണ്ട്. ധനകമ്മി കുറച്ചുകൊണ്ടുവരാന്‍ പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പന നടത്തുന്നത് തുടരുകയേ സര്‍ക്കാരിന് മാര്‍ഗമുള്ളൂ. എല്‍ഐസിയുടെ ഐപിഒ നടപ്പു സാമ്പത്തിക വര്‍ഷം തന്നെ നടത്താനാണ് സര്‍ക്കാരിന്റെ നീക്കം. 25 ശതമാനം ഓഹരികളെങ്കിലും വിറ്റഴിക്കാനാണ് പദ്ധതി.
ഓഹരി വിപണിക്ക് ഇത്ര ശക്തമായ ഉത്തേജനം സര്‍ക്കാര്‍ നല്‍കിയത് എല്‍ഐസിയുടെ ഐപിഒ മുന്‍നിര്‍ത്തിയാണെന്ന് കരുതേണ്ടിയിരിക്കുന്നു. വിപണി മികച്ച നിലയിലാണെങ്കില്‍ മാത്രമേ എല്‍ഐസിയുടെ ഓഹരി വില്‍പ്പന ഉയര്‍ന്ന പ്രീമിയത്തോടെ നടത്താനാകൂ. നിലവിലുള്ള സാഹചര്യത്തില്‍ എല്‍ഐസിയുടെ ഓഹരി വില്‍പ്പന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുന്നതില്‍ വളരെ പ്രധാനമാണ്.