രണ്ട് മാസമായി സമാധാനപരമായി നടന്നുവന്ന ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് തീര്‍ത്തും അപ്രതീക്ഷിതമായ വഴിത്തിരിവാണ് ഇന്ന് ഉണ്ടായത്. പൊലീസിന് നിയന്ത്രിക്കാനാകാത്ത വിധം കര്‍ഷകര്‍ ഡല്‍ഹി നഗരം കൈയടക്കിയപ്പോള്‍ റിപ്പബ്‌ളിക് ദിനങ്ങളില്‍ തലസ്ഥാന നഗരി മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത സ്ഥിതിവിശേഷമാണ് ഉടലെടുത്തത്. അലകളടങ്ങാത്ത പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി ചെങ്കോട്ടയില്‍ കര്‍ഷക സംഘടനയുടെ കൊടി പാറുന്നതിന് റിപ്ലബ്‌ളിക് ദിനം സാക്ഷിയായത് രാജ്യത്ത് അപൂര്‍വമായ സംഭവമാണ്. തന്ത്രപ്രധാനമായ ഐടിഒ ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് സമരക്കാര്‍ ഇരച്ചുകയറിയത് പൊലീസിന് ഒന്നും ചെയ്യാനാകാത്ത സ്ഥിതിവിശേഷം സൃഷ്‌ടിച്ചുകൊണ്ടാണ്.
കഴിഞ്ഞ അറുപത് ദിവസമായി തീര്‍ത്തും സമാധാനപരമായി നടന്ന കര്‍ഷക സമരം ഈ വിധം ട്രാക്ക് മാറിയത് പ്രക്ഷോഭത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനെ തന്നെ ബാധിക്കാവുന്നതാണ്. അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. ബികെയു ഉഗ്രഹാന്‍, കിസാന്‍ മസ്‌ദൂര്‍ സംഘ് എന്നീ സംഘടനകളാണ് വിലക്ക് ലംഘിച്ച് അക്രമങ്ങളിലേക്ക് തിരിഞ്ഞതെന്നും സംയുക്ത സമര സമിതുമായി ഈ സംഘടനകള്‍ക്ക് ബന്ധമില്ലെന്നും നേതാക്കള്‍ പറയുമ്പോള്‍ സമരത്തെ തകര്‍ക്കാനുള്ള ഗൂഢാലോചന ഈ അക്രമങ്ങള്‍ക്ക് പിന്നിലുണ്ടോയെന്ന സംശയമാണ് ഉയരുന്നത്.
റാലിക്കിടെ അക്രമം ഉണ്ടാക്കാന്‍ ശ്രമിച്ചവരെ തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നുമാണ് സമര സമിതി വ്യക്തമാക്കിയത്. സമരത്തിന്റെ ഇതുവരെയുള്ള രീതി വെച്ച് ഇത്തരമൊരു അക്രമം പ്രതീക്ഷിച്ചിരുന്നതല്ല. ട്രാക്‌ടര്‍ റാലി നടത്താന്‍ ഡല്‍ഹി പൊലീസ് അനുമതി നല്‍കിയതും സമരത്തിന്റെ ഇതുവരെയുള്ള സ്വഭാവം പരിഗണിച്ചാകണം. എന്നാല്‍ സമരം അക്രമാസക്തമായതോടെ പൊലീസിന്റെ സമീപനത്തിലും മാറ്റമുണ്ടാകും. അക്രമാസക്തമായ സമരത്തെ അടിച്ചമര്‍ത്താന്‍ ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ ഭാഗത്തു നിന്ന് നിര്‍ദേശമുണ്ടാവുകയാണെങ്കില്‍ അത് ഡല്‍ഹി രക്തകളമാകുന്നതിന് വഴിയൊരുക്കും.
കഴിഞ്ഞ ദിവസം വരെയും അങ്ങേയറ്റം മാതൃകാപരമായാണ് ഈ സമരം തലസ്ഥാന നഗരിയിലും അതിന്റെ അനുബന്ധമായി ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നടന്നുവന്നിരുന്നത്. എന്നാല്‍ ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചിനിടെ ആക്രമിക്കാന്‍ ശ്രമിച്ച പൊലീസിനോട് പോലും തീര്‍ത്തും സൗഹാര്‍ദപരമായി മാറിയ സമാധാന പ്രിയരായ കര്‍ഷകരെയല്ല ഇന്ന് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കണ്ടത്. തീര്‍ച്ചയായും സമര സമിതിയുടെ നിയന്ത്രണത്തില്‍ നിന്ന് പ്രക്ഷോഭം വഴി മാറി പോയതു കൊണ്ട് സംഭവിച്ചതാകണം ഇത്. സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറുകയും ദേശീയ പതാക പാറേണ്ട ചെങ്കോട്ടയില്‍ യൂണിയന്‍ കൊടി പാറിക്കുകയും ചെയ്‌തവര്‍ക്ക് അവരുടേതായ അജണ്ട കാണും. പ്രത്യക്ഷത്തില്‍ സമരത്തെ പിന്തുണക്കുന്നവര്‍ക്ക് ആവേശജനകമായി തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ പ്രക്ഷോഭകാരികളുടെ മുന്നോട്ടുള്ള പോക്കിന് വലിയ വിലങ്ങുതടി സൃഷ്‌ടിക്കാന്‍ പോന്നതാണ് ഇന്ന് അരങ്ങേറിയ അപ്രതീക്ഷിത സംഭവങ്ങള്‍.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുഖ്യസംഘാടകരില്‍ ഒരാളായിരുന്ന സാമൂഹ്യപ്രവര്‍ത്തകനും ബുദ്ധിജീവിയുമായ യോഗേന്ദ്ര യാദവ് ആണ് 61 ദിവസമായി നടന്നുവരുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്ന്. അദ്ദേഹത്തെ പോലൊരു സമാധാന പ്രിയനായ പ്രക്ഷോഭകന്‍ അണിയറയിലിരിക്കുന്ന സമരത്തിന് ഇത്തരമൊരു അക്രമാസക്തമായ വഴിത്തിരിവ് ഒട്ടും പ്രതീക്ഷിക്കാത്തതാണ്. അക്രമകാരികളെ തങ്ങളുടെ കൂട്ടത്തില്‍ നിന്ന് പുറത്താക്കുകയും ബഹിഷ്‌കരിക്കുകയും ചെയ്യേണ്ടത് ഈ സമരത്തിന്റെ വിജയം ഉറപ്പുവരുത്തുന്നതിനായി പ്രക്ഷോഭകാരികള്‍ ഉടന്‍ ചെയ്യേണ്ട കാര്യമാണ്.


















