ദുബായ്: ദുബായില്‍ സൈക്കിള്‍ ഉപയോഗിക്കുന്നതില്‍ വിവിധ ലൈനികളില്‍ വേഗ പരിഝി നിശ്ചയിച്ച് ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ചില പാതകളില്‍ മണിക്കൂറില്‍ 30 കിലോമീറ്ററും ചിലയിടത്ത് 20 കിലോമീറ്ററുമാണ് പരമാവധി വേഗത നിശ്ചയിച്ചിരിക്കുന്നത്. ദുബായ് പോലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിലവാരമുളള ഹെല്‍മറ്റ് ധരിക്കുക, റിഫ്‌ലക്ടിവ് ജാക്കറ്റ് ധരിക്കുക, തെളിച്ചമുളള ലൈറ്റുകള്‍ സൈക്കിളിന് മുന്നില്‍ ഘടിപ്പിക്കുക, ബ്രേക്കുകള്‍ ഉറപ്പുവരുത്തുക തുടങ്ങിയവയും കര്‍ശനമാക്കും.
ദുബായ് പോലീസുമായി സഹകരിച്ച് സൈക്ലിസ്റ്റുകളുടെ സുരക്ഷ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ആര്‍ടിഒ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സിഇഒ മൊ യ്താ ബന്‍ അദായ് പറഞ്ഞു. ദുബായില്‍ സൈക്ലിങ് ജീവിതചര്യയുടെ ഭാഗമാക്കുന്നതിലും കൂടുതല്‍ സൈക്ലിസ്റ്റുകള്‍ സജീവമാകുന്നതിലും ഈ മേഖലയിലേക്ക് സുരക്ഷ ഉറപ്പാക്കി കൂടുതല്‍ പേരെ ആകര്‍ഷിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വേഗതയെ കുറിച്ച് വിശദമായ പഠനം നടത്തിയ ശേഷമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ട്രാക്കുകള്‍, എന്‍ട്രി-എക്‌സിറ്റ് പോയന്റുകള്‍,ട്രാക്കിന്റെ നീളം, വീതി, ഡിസൈന്‍, തൊട്ടടുത്ത റോഡ് തുടങ്ങിയവയെല്ലാം പഠിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ദുബായില്‍ നിലവില്‍ 425 കിലോമീറ്റര്‍ സൈക്കിള്‍ ട്രാക്കാണുളളത്. 2025 ഓടെ ഇത് 668 കിലോമീറ്ററായി ഉയര്‍ത്താനാണ് തീരുമാനം. ലോകത്തിലെ ഏറ്റവും മികച്ച് സൈക്കിള്‍ സൗഹൃദ നഗരമായി ദുബായിയെ മാറ്റാനും പദ്ധതിയുണ്ട്.












