റിയാദ്: ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോര്‍ട്ടലായ അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴിയുള്ള ഏതാനും പുതിയ സേവനങ്ങള്‍ കൂടി സൗദി ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് ഫോണുകളില്‍ ഡിജിറ്റല്‍ ഇഖാമ സുക്ഷിക്കാന്‍ സാധിക്കുന്ന ഹവിയ്യത്തു മുഖീം സേവനം ഇതില്‍ പ്രധാനമാണ്. ഇതനുസരിച്ച് ഇനി മുതല്‍ വിദേശികള്‍ക്ക് ഇഖാമക്ക് പകരമായി അബ്ഷിര്‍ മൊബൈല്‍ ആപ്പിലെ ഡിജിറ്റല്‍ ഇഖാമ സേവനം ഉപയോഗിക്കാം.
കൂടാതെ, ഓണ്‍ലൈനായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത സേവനങ്ങള്‍ക്ക് ജവാസാത്ത് വിഭാഗവുമായി ആശയ വിനിമയം നടത്തുന്നതിനുള്ള സേവനവും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇത് വിദേശികള്‍ക്ക് ജവാസാത്ത് ഓഫീസില്‍ നേരിട്ട് പോകുന്നത് ഒഴിവാക്കാന്‍ സഹായകരമാകും. മാത്രവുമല്ല ജി.സി.സി പൗരന്മാര്‍ക്കും, സന്ദര്‍ശന വിസയിലോ, ആശ്രിത വിസയിലോ രാജ്യത്തുള്ളവര്‍ക്കും അബ്ഷിറില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഇതിലൂടെ നിരവധി സേവനങ്ങള്‍ വിദേശികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകും. അബ്ഷിര്‍ ഇന്റിവിജ്വല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്താല്‍ ഈ സേവനങ്ങള്‍ ഉപയോഗിക്കാം. വിവിധ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കും ബാങ്ക് സൈറ്റ് വഴി അബ്ഷിറില്‍ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.