Web Desk
കൊച്ചി: പുതിയ സിനിമകളുടെ ചിത്രീകരണം പാടില്ലെന്ന നിര്‍മ്മാതാക്കളുടെ നിലപാടിനെ മറികടന്ന് മോഹൻലാല്‍ ചിത്രം ദ്യശ്യം 2 ചിത്രീകരണം തുടങ്ങുന്നു. ഓഗസ്റ്റ് 17 ന് തൊടുപുഴയില്‍ ദ്യശ്യം 2 ന്‍റെ ചിത്രീകരണം ആരംഭിക്കും. ലോക്ക് ഡൗണിന് ശേഷം 60 ദിവസം കൊണ്ട് ചിത്രീകരിച്ച് പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ഷൂട്ടിങ്ങ് ആരംഭിക്കുന്നത്.ജിത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിനുവേണ്ടി ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.
അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിന്റെ ചിത്രം തന്നെ നിര്‍മാതാക്കളെ മറികടന്ന് ചിത്രീകരണത്തിനൊരുങ്ങുന്നുവെന്നത് ഏറെ ചര്‍ച്ചയാകാനാണ് സാധ്യത. പ്രതിഫലനം കുറയ്ക്കണമെന്ന നിര്‍മ്മാതാക്കളുടെ തീരുമാനത്തില്‍ താരസംഘടനയായ അമ്മയ്ക്കും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കും വിയോജിപ്പുണ്ട്. പ്രതിഫലം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താരസംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ഞായറാഴ്‌ച ചേരും.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.താരങ്ങളുടെ പ്രതിഫലനവും സിനിമയുടെ ചെലവും അന്‍പത് ശതമാനം കുറച്ച് പുതിയ സിനിമകള്‍ ചിത്രീകരിക്കണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ നിലപാട്. എന്നാല്‍ പ്രൊഡ്യൂസേഴ്‌സിന്‍റെ തീരുമാനത്തെ വെല്ലുവിളിച്ചു കൊണ്ട് നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് പ്രഖ്യാപിച്ചു കഴിഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് 22 ഓളം സിനികളുടെ ചിത്രീകരണമാണ് മുടങ്ങിയത്. അതേസമയം കേരള ഫിലിം ചേംബറും തിയേറ്റര്‍ ഉടമസംഘടനകളായ ഫിയോകും കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും നിര്‍മാതാക്കളുടെ നിലപാടിനൊപ്പമാണ്.