വഡോദര: യുവതീ യുവാക്കള്‍ക്കായി കോഫി ഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷന്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക വിവാദത്തില്‍. ഞായറാഴ്ച നടക്കാനിരിക്കുന്ന വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് തയ്യാറാക്കിയ പ്രകടന പത്രികയിലാണ് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രണയിതാക്കള്‍ക്കുമായി കോഫി ഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷന്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇതിന് പുറമെ ഓരോ സോണിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന ആധുനിക സ്‌കൂളുകളും സ്ത്രീകള്‍ക്കായി പാര്‍ട്ടി ഹാളുകളും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മികച്ച ആരോഗ്യ സംവിധാനങ്ങളും കുറഞ്ഞ കെട്ടിട നികുതി നിരക്കുമെല്ലാമാണ് മറ്റ് ചില പ്രധാന വാഗ്ദാനങ്ങള്‍.
അതേസമയം ഈ പ്രകടന പത്രിക സാംസ്‌കാരിക നഗരമായ വഡോദരയിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഇത് ലവ് ജിഹാദിനെ സഹായിക്കുമെന്നുമാണ് വഡോദര ബിജെപി അധ്യക്ഷന്‍ വിജയ് ഷാ ആരോപിച്ചത്. ഇറ്റാലിയന്‍ സ്വാധീനമാണ് കോണ്‍ഗ്രസിനെ കൊണ്ട് ഇത്തരമൊരു പ്രകടന പത്രിക ഇറക്കിച്ചതെന്നും ബി.ജെ.പി ആരോപിച്ചു. ഡേറ്റിങ് എന്നത് വെറും ശാരീരിക ആകര്‍ഷണവുമായി ബന്ധപ്പെട്ടതാണെന്നും അതില്‍ വൈകാരിക തലങ്ങള്‍ ഒന്നുമില്ലെന്നും ഷാ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക യുവാക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
‘ഡേറ്റിങ്ങിന് ശേഷം അവര്‍ മദ്യവും മയക്കുമരുന്നും പ്രോത്സാഹിപ്പിച്ചേക്കാം. ചെറുപ്പക്കാരായ ഹിന്ദു പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സമൂഹമുണ്ട്. ഡേറ്റിങ്ങിന് ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ലവ് ജിഹാദിനെതിരെ ഞങ്ങള്‍ ഒരു നിയമം കൊണ്ടുവരും,’ ഷാ പറഞ്ഞു.