കൊച്ചി: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ കൂചുതല്‍ തെളിവുകള്‍ നല്‍കി കസ്റ്റംസ്. കോടതിയുടെ നിര്‍ദേശ പ്രകാരം മുദ്രവെച്ച കവറിലാണ് കസ്റ്റംസ് തെളിവുകള്‍ കൈമാറിയത്. നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് ശിവശങ്കര്‍. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കസ്റ്റംസിന്റെ നീക്കം.
ശിവശങ്കറിന് ഡോളര്‍ കടത്ത് കേസിലുള്ള പങ്കിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണം നടന്നത്. ഡോളര്‍ കടത്ത് കേസില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ശക്തമായ ഒരു തെളിവും ഹാജരാക്കാത്തത്തില്‍ കോടതി പലതവണ അന്വേഷണ ഏജന്‍സികളോട് അതൃപ്തി അറിയിച്ചിരുന്നു.
അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കളളക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നാണ് ശിവശങ്കറിന്റെ വാദം.











