ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ ആശങ്ക അറിയിച്ച് അലഹബാദ് ഹൈക്കോടതി. ബീഫ് കൈവശം വച്ചെന്ന പേരില്‍ നിരപരാധികളെ കേസില്‍ കുടുക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ഗോവധ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന്, അഞ്ച്, എട്ട് എന്നിവ പ്രകാരം ബീഫ് വില്‍പന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ റഹ്മുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ആയിരുന്നു കോടതിയുടെ പരാമര്‍ശം. ഏത് മാംസം പിടികൂടിയാലും യാതൊരു പരിശോധനയുമില്ലാതെ അത് ഗോമാംസമായി ചിത്രീകരിക്കപ്പെടുന്നു. പല കേസുകലിലും ഇറച്ചി പരിശോധനയ്ക്ക് അക്കുന്നില്ലെന്നും ഇതുകൊണ്ടുമാത്രം പലപ്പോഴും ഒരു തെറ്റും ചെയ്യാത്തവര്‍ ഏഴ് വര്‍ഷത്തോളം ജയിലിയില്‍ കിടക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതേസമയം അലഞ്ഞു തിരഞ്ഞു നടക്കുന്ന കന്നുകാലികളെ വീണ്ടെടുക്കാന്‍ ഉത്തരവിടുന്നുണ്ടെങ്കിലും അത് കൃത്യമായി നടക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പാല്‍ ചുരത്താത്തതും പ്രായം ചെന്നതുമായ പശുക്കളെ ഗോശാലകളില്‍ സംരക്ഷിക്കാത്തതിനാല്‍ ഇവ റോഡിലൂടെ അലഞ്ഞു തിരിഞ്ഞ് നടക്കുകയാണെന്നും ഇത് കൃഷി നശിപ്പിക്കുകയും റോഡുകളില്‍ ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.












