Web Desk
ദുബായ്: സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്ന രാജ്യങ്ങളിലെ വിനോദ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ദുബായ്. പല രാജ്യങ്ങളിലെയും ആളുകള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനെ തുടര്‍ന്നാണ് നടപടിയെന്ന് ദുബായ് ടൂറിസം ഡയറക്ടര്‍ ജനറല്‍ ഹെലാല്‍ സയീദ് അല്‍മാരി പറഞ്ഞു. ജൂലായ് ഏഴ് മുതല്‍ ദുബായ് വിമാനത്താവളങ്ങള്‍ വിനോദ സഞ്ചാരികള്‍ക്കായി തുറക്കും.
കഴിഞ്ഞ മൂന്നാഴ്ചയായി പല രാജ്യങ്ങളിലെയും ആളുകള്‍ സാധാരണ ജീവിത രീതിയിലേക്ക് മടങ്ങുകയാണ്. ജോലികള്‍ക്ക് പോകുന്നു, അടച്ചിട്ട പ്രദേശങ്ങള്‍ സ്‌കൂളുകള്‍ എന്നിവയെല്ലാം തുറക്കുന്നു. ജര്‍മ്മനി, ഫ്രാന്‍സ്, സ്‌പെയിന്‍ ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ കണ്ടു വരികയാണ്. ടൂറിസം മേഖലകളും പലയിടങ്ങളില്‍ തുറക്കുന്നു.ഈ സാഹചര്യത്തില്‍ ടൂറിസം മേഖല തുറക്കുമ്പോള്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടാകും. എന്നാല്‍ ദുബായിയിലും ടൂറിസം മേഖലയിലും തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് അല്‍മാരി പറഞ്ഞു.
ദുബായിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്.സഞ്ചാരികള്‍ക്ക് സ്വന്തം രാജ്യങ്ങളില്‍ പരിശോധന നടത്താൻ സാധിച്ചില്ലെങ്കില്‍ ദുബായ് വിമാനത്താവളത്തില്‍ നടത്താം. കൂടാതെ ട്രാവല്‍ ഇന്‍ഷുറൻസ് നിര്‍ബന്ധമാണെന്നും അല്‍മാരി പറഞ്ഞു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് എല്ലാ രാജ്യങ്ങളിലെയും ടൂറിസം മേഖല അടഞ്ഞു കിടക്കുകയാണ്.