ഏഴ് മാസത്തിനുള്ളില്‍ ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം നാലിലൊന്നു പേര്‍ക്ക് മഹാമാരിക്കെതിരായ വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്‌ദാനം സൃഷ്‌ടിച്ച പ്രതീക്ഷയായിരിക്കും പുതുവര്‍ഷത്തില്‍ സുപ്രധാനമായ തീരുമാനങ്ങളെടുക്കുന്നതില്‍ നമ്മെ നയിക്കുന്ന പ്രധാന ഘടകം. വിദ്യാഭ്യാസം, തൊഴില്‍, യാത്ര, വിനോദം തുടങ്ങിയ ദൈനംദിന ജീവിതത്തിലെ കോവിഡ് ബാധിതമായ സകലതും പഴയപടിയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള സര്‍ക്കാരിന്റെയും ജനങ്ങളുടെയും ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിന് വാക്‌സിന്‍ ലഭ്യത എന്ന പ്രതീക്ഷക്ക് വഴിവെക്കാനാകും. വിദഗ്‌ധത സമിതി അനുമതി നല്‍കിയ രണ്ട് വാക്‌സിനുകളാണ് കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്.
ഇന്ത്യയിലെ 30 കോടി ജനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ കുത്തിവെപ്പ് നടത്തുന്നത്. മൂന്ന് കോടി പേര്‍ക്ക് ഉടനെയും ബാക്കി 27 കോടി പേര്‍ക്ക് ജൂലൈയോടെയും വാക്‌സിന്‍ ലഭ്യമാകുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ അറിയിച്ചരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്‌ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് ആയിരിക്കും പ്രധാനമായും കുത്തിവെപ്പിന് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഉല്‍പ്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് വിദഗ്‌ധ സമിതി അനുമതി നല്‍കിയത്. ഇതിനു പിന്നാലെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനും വിദഗ്‌ധസമിതി അനുമതി നല്‍കി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്ന് വികസിപ്പിച്ച കോവാക്‌സിന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ലഭ്യമാക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനു ശേഷം അഞ്ച് മാസത്തിനകം അനുമതി ലഭിച്ചതിലൂടെ വാക്‌സിന്‍ വികസിപ്പിച്ചതില്‍ വിജയിച്ച മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യക്കും തങ്ങളുടേതായ നേട്ടം അവകാശപ്പെടാനുള്ള വഴിയാണൊരുങ്ങിയത്.
മഹാമാരി അലങ്കോലപ്പെടുത്തിയ നമ്മുടെ ദൈനംദിന ജീവിതത്തെ പഴയപടിയാക്കാന്‍ വാക്‌സിന്‍ ഒഴിച്ചുകൂടാനാകാത്തതാണ്. സമൂഹത്തിലെ നല്ലൊരു ശതമാനം പേര്‍ കോവിഡിനെതിരെ രോഗപ്രതിരോധ ശേഷി ആര്‍ജിക്കുന്നത് രോഗവ്യാപനത്തെ തടയുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കും. കോവിഷീല്‍ഡിന് 70 ശതമാനം ഫലപ്രാപ്‌തിയുണ്ടെന്നാണ് ട്രയല്‍ ഘട്ടത്തിലെ പഠനങ്ങളില്‍ തെളിഞ്ഞിരിക്കുന്നത്. രോഗപ്രതിരോധ ശേഷി സമാനമായ തോതില്‍ ജനങ്ങള്‍ക്ക് കുത്തിവെക്കുന്ന ഘട്ടത്തിലും ഉറപ്പുവരുത്താനായാല്‍ അത് കോവിഡ് പ്രതിരോധത്തില്‍ ഒരു സുപ്രധാന ചുവടുവെപ്പ് ആയിരിക്കും. ജൂലൈക്കുള്ളില്‍ കുത്തിവെപ്പ് എടുക്കുന്ന 30 കോടി ജനങ്ങളില്‍ 21 കോടി പേര്‍ക്കെങ്കിലും കുത്തിവെപ്പ് ഫലപ്രദമായാല്‍ രോഗവ്യാപനത്തിന്റെ കണ്ണികളറുക്കുന്നതിന് ഏറെ സഹായകമാകും.
അതേസമയം വാക്‌സിന്‍ കുത്തിവെപ്പ് തുടങ്ങിയതിനു ശേഷവും കോവിഡ് പ്രോട്ടോകോളിലെ പല ചട്ടങ്ങളും തുടര്‍ന്നും നാം പാലിക്കേണ്ടതുണ്ട്. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കര്‍ശനമായി തുടര്‍ന്നാല്‍ മാത്രമേ വാക്‌സിന്‍ ഉപയോഗിച്ച് നാം മഹാമാരിക്കെതിരെ നടത്തുന്ന യുദ്ധം ഉദ്ദേശിക്കും വിധം ഫലം കാണുകയുള്ളൂ. മാസ്‌ക് ഉപയോഗം നമ്മുടെ ഭാവിജീവിതത്തില്‍ ഒരു ശീലമായി മാറ്റുന്നത് അപ്രതീക്ഷിത രോഗപകര്‍ച്ചകളെ തടയാനുള്ള ഒരു മികച്ച മാര്‍ഗമായിരിക്കും.
സാര്‍സ് രോഗത്തിന്റെ ആക്രമണമുണ്ടായതിനു ശേഷം തായ്‌ലാന്റില്‍ രോഗപ്രതിരോധശേഷി കുറഞ്ഞവരും ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളുള്ളവരും മാസ്‌ക് ഉപയോഗം ഒരു പതിവാക്കി മാറ്റുകയാണ് ചെയ്‌തത്. പകര്‍ച്ചവ്യാധികള്‍ക്കെതിരായ യുദ്ധത്തില്‍ ശാസ്‌ത്രത്തിന്റെ അസാധാരണ പുരോഗതിയുടെ സഹായത്തോടെ നാം നടത്തിയ കാല്‍വെപ്പുകള്‍ക്കിടയിലും അപ്രതീക്ഷിതമായെത്തുന്ന പുതിയ വൈറസുകളുടെ ആക്രമണങ്ങള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കാനുള്ള ശീലം നാം കൈവിടാതെ പാലിക്കുന്നതാകും ഉചിതം.