കെ.അരവിന്ദ്
കോവിഡ് രോഗം പടരുന്നത് തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളും മിക്ക ബിസിനസുകളെയും പ്രതികൂലമായാണ് ബാധിച്ചത്. ജനങ്ങള്‍ അടച്ചുപൂട്ടി വീട്ടിലിരിക്കുന്നത് ഈ നാളുകളില്‍ സാമ്പത്തിക ഇടപാടുകളും കച്ചവടവും കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്ന സ്ഥിതിവിശേഷത്തിലേക്കാണ് നയിച്ചത്. അതേ സമയം ഏത് പ്രതിസന്ധിയും ചിലര്‍ക്ക് അവസരങ്ങളാകുന്നതു പോലെ കൊറോണ കാലത്തെ പ്രതിസന്ധിയും ഉപയോഗപ്പെടുത്തുന്ന കമ്പനികളുണ്ട്.
റെസ്റ്റോറന്റുകളിലോ ഫുഡ് ഔട്ട്‌ലെറ്റുകളിലോ ചെന്ന് ഭക്ഷണം കഴിക്കുന്നത് കോവിഡ് കാലത്ത് ജനങ്ങള്‍ കഴിയുന്നതും ഒഴിവാക്കുകയാണ്. അതേ സമയം ഓണ്‍ലൈന്‍ വഴി ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകും. നഗരങ്ങളില്‍ ഒട്ടേറെ പേര്‍ ഭക്ഷണം ലഭിക്കുന്നതിനായി ഈ മാര്‍ഗമാണ് സ്വീകരിക്കുന്നത്. ഇത് ഫുഡ് ഡെലിവറി ബിസിനസ് വിപുലമാകുന്നതിന് കാരണമായിട്ടുണ്ട്. ഭക്ഷ്യ വിഭവങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ വഴിയുള്ള ബിസിനസില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്.
കോവിഡ് നമ്മുടെ എത്രയോ കാലമായി തുടരുന്ന ചില ശീലങ്ങളെയാണ് മാറ്റിമറിച്ചത്. പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ പലരും നിര്‍ബന്ധിതരായി. ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്ന സേവനങ്ങള്‍ പരമാവധി ഉപയോഗിക്കുന്ന രീതിയിലേക്ക് ഉപഭോക്താക്കളുടെ ശീലങ്ങള്‍ വഴിമാറി. ഈ വഴിമാറ്റത്തിന് മറ്റൊരു വശം കൂടിയുണ്ട്. പുതിയ രീതികള്‍ ശീലിക്കുന്നതോടെ അതിന്റെ സൗകര്യം തിരിച്ചറിയുന്നവര്‍ കോവിഡ് ഭീഷണി അകന്നതിനു ശേഷവും ഈ ശീലം തുടര്‍ന്നേക്കാം. ഒരു പിസ കഴിക്കാനായി കിലോമീറ്ററുകള്‍ ഡ്രൈവ് ചെയ്‌ത് പോകുന്നതിന്റെ ബുദ്ധിമുട്ടുകള്‍ പിസ വിതരണം ചെയ്യുന്ന കമ്പനിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലൂടെ ഒഴിവാക്കാം. ഈ സൗകര്യം തുടര്‍ന്നും ആഗ്രഹിക്കുന്നവര്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളെ തുടര്‍ന്നും ഉപയോഗിക്കാനായിരിക്കും ഇഷ്‌ടപ്പെടുക. സ്വാഭാവികമായും ഇത് ഫുഡ് ഡെലിവറി കമ്പനികളുടെ ബിസിനസ് മെച്ചപ്പെടുന്നതിന് വഴിയൊരുക്കും.
കോവിഡ് കാലത്തും അതിനു ശേഷവും ഇത്തരത്തില്‍ ബിസിനസ് മെച്ചപ്പെടുത്താന്‍ സാധ്യതയുള്ള ഒരു കമ്പനിയാണ് ജൂബിലന്റ് ഫുഡ്‌സ്. കമ്പനിയുടെ ഡൊമിനോസ് ബ്രാന്റിനു കീഴിലുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനം കോവിഡ് കാലത്ത് മെച്ചപ്പെടുകയാണ് ചെയ്‌തത്. നഗരങ്ങളില്‍ ഫാസ്റ്റ് ഫുഡ് സംസ്‌കാരം കൂടുതല്‍ വ്യാപകമാകാനുള്ള സാധ്യത കൂടി പരിഗണിക്കുമ്പോള്‍ ഈ ഓഹരി നിക്ഷേപകര്‍ക്ക് ഇപ്പോള്‍ വാങ്ങാവുന്നതാണ്.

















