English മലയാളം

Blog

PINARAYI

 

കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടന ചടങ്ങിനിടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ആഗ്രഹിക്കുന്നത് നടക്കാൻ പാടില്ല എന്ന് ചിലർ വിചാരിക്കുന്നു. ശരിയായ കാര്യങ്ങൾ നാടിന് മുന്നിൽ അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന മാനസിക അവസ്ഥയുള്ള ചിലരുണ്ട്. അത്തരക്കാരാണ് വിവാദം ഉണ്ടാക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

ഒരു ദിവസത്തെ വാർത്ത കണ്ട് ജനം മാറി ചിന്തിക്കില്ലെന്ന് മനസിലാക്കണം. ജനങ്ങൾ കാര്യങ്ങൾ വിലയിരുത്തുന്നത് അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിവാദമുണ്ടാക്കുന്നവര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച യുഡിഎഫിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാലര വർഷം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് വലിയ വളർച്ച ഉണ്ടായി. ആശുപത്രികളെല്ലാം മെച്ചപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മെഡിക്കൽ കേളജിന്റെ രണ്ടാം ഘട്ട പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാടിന്‍റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ അട്ടിമറിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നുവോ, അതു നടക്കരുത് എന്ന ചിന്തയാണ് സംസ്ഥാനത്ത് ഒരു കൂട്ടരെ നയിക്കുന്നത്. ചില മാധ്യമങ്ങളും അതിനൊപ്പമാണ്. ഇന്ന് ഇറങ്ങിയ ഒരു പത്രത്തിന്‍റെ പ്രധാന തലക്കെട്ട് കണ്ടില്ലേ.  ലൈഫ് മിഷന്‍ എന്നാല്‍ കൈക്കൂലിയുടെ പദ്ധതിയെന്ന പ്രതീതി വരുത്താനല്ലേ പത്രം ശ്രമിച്ചത്. അതാണോ സ്ഥിതി. കൂരയില്ലാത്ത 2.26 ലക്ഷം കുടുംബങ്ങള്‍ക്കല്ലേ വീട് കിട്ടിയത്. അവര്‍ ഇന്ന് സ്വന്തം വീടുകളിലാണ്. ഓരോ പ്രദേശത്തും എങ്ങനെയാണ് വീടുകള്‍ പൂര്‍ത്തിയാക്കിയതെന്ന് ജനങ്ങള്‍ക്കറിയാം.  ബാക്കി വീടുകള്‍ പൂര്‍ത്തിയാക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ഇതൊക്കെ  നാടിന്‍റെ നേട്ടമായും അഭിമാനമായും വരുമ്പോള്‍ അതിനെ കരിവാരിത്തേക്കണം. അതിനാണ് ഇത്തരം പ്രചാരണവും വാര്‍ത്തകളും. ഏതെങ്കിലും ഒരു കരാറുകാരനുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടന്നുവെങ്കില്‍ അതിനെ ലൈഫ് മിഷനുമായി എന്തിന് ബന്ധപ്പെടുത്തണം?

Also read:  ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്തി​ന് കോ​വി​ഡ്

സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ മറച്ചുവെക്കണം. അതിനാണ് ഇത്തരത്തിലുള്ള പ്രചാരണം. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. ഒരു ദിവസത്തെ വാര്‍ത്ത കണ്ട് അവര്‍ വിധിപറയില്ല. അവരുടെ അനുഭവം, നാടിന്‍റെ അനുഭവം – അതിേന്മേലാണ് ജനങ്ങള്‍ വിധിയെഴുത്ത് നടത്തുക.

Also read:  കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവം; പരാതി ഉയര്‍ന്നാലും കര്‍ശന നടപടി: മുഖ്യമന്ത്രി

ജനങ്ങളോടൊപ്പം സന്തോഷിക്കാന്‍ കഴിയാത്തവരാണ് കോന്നി മെഡിക്കല്‍ കോളേജിന്‍റെ ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെടുകാര്യസ്ഥതകൊണ്ട് നിലച്ചുപോയ പദ്ധതി, ഈ സര്‍ക്കാര്‍ വന്നശേഷമാണ് പുനരാരംഭിച്ചത്. അതുകൊണ്ട്, പദ്ധതി ഉപേക്ഷിക്കപ്പെട്ടതിന് കാരണക്കാരായവര്‍ക്ക് ജാള്യമുണ്ടാകുന്നതു സ്വാഭാവികമാണ്. പൂര്‍ണ തോതിലുള്ള മെഡിക്കല്‍ കോളേജാണ് കോന്നിയില്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഈ ഘട്ടത്തില്‍ സന്തോഷിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നില്ല. നാട്ടില്‍ ഇതൊന്നും നടക്കരുത്. നടക്കുന്നതിന്‍റെ ശോഭകെടുത്തണം. മറച്ചുവയ്ക്കണം – ഈ മാനസികനിലയാണ് ഇവരെ നയിക്കുന്നത്. ഇവര്‍ക്ക് സഹിക്കാനാവാത്ത ഒട്ടേറെ കാര്യങ്ങള്‍ നാലരവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. ആരോഗ്യരംഗത്തെ വളര്‍ച്ച വേറിട്ടുനില്‍ക്കുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് പ്രധാനമായും സഹായിച്ചത് നമ്മുടെ മെച്ചപ്പെട്ട ആരോഗ്യസംവിധാനമാണ്. പ്രാഥമികാരാഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. താലൂക്ക്തലം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യം വന്നു. ഇത്തരം നേട്ടങ്ങള്‍ രാജ്യവും ലോകവും അംഗീകരിക്കുമ്പോഴും അംഗീകരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയില്‍ ഒരു വിഭാഗമുണ്ട്. കോവിഡ്-19 വ്യാപനം നാം നിയന്ത്രിച്ചു നിര്‍ത്തിയതുപോലും അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. രോഗം വ്യാപിപ്പിക്കുന്നതിന് ഉതകുന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also read:  പോസിറ്റിവിറ്റി ഉയര്‍ന്നുതന്നെ; ഇന്ന് 9016 പേര്‍ക്ക് കോവിഡ്‌

കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജില്ലക്ക് മാത്രമല്ല, കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനകരമാകും. മെഡിക്കല്‍ കോളേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കും. 351 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. മാസ്റ്റര്‍ പ്ലാന്‍ ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ തുക കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കും.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷയായിരുന്നു. കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു. വനം മന്ത്രി  കെ.രാജു, എം.എല്‍.എമാരായ രാജു എബ്രഹാം, വീണ ജോര്‍ജ് തുടങ്ങിയവരും പങ്കെടുത്തു.