തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ കുരുങ്ങി ജീവിതം വഴിമുട്ടിയ കലാകാരന്മാരെയും, കരകൗശല വസ്തുക്കളുടെ വിപണനം ഉള്‍പ്പെടെ മറ്റ് തനതു തൊഴില്‍മേഖലകളില്‍ ജോലി ചെയ്തിരുന്നവരെയും സാധാരണജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി ആഘോഷവേളകളുമായി ബന്ധപ്പെട്ട പ്രദര്‍ശനോത്സവങ്ങള്‍ വീണ്ടും സജീവമാക്കാന്‍ പദ്ധതി.
കോവിഡ് നിയന്ത്രണങ്ങളില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇളവുകള്‍ നല്‍കിയെങ്കിലും, പ്രദര്‍ശന വിപണി വീണ്ടും സജീവമാകാതിരുന്നതോടെ പ്രതിസന്ധിയിലായത് ആയിരക്കണക്കിനു പേരാണ്. കരകൗശല മേഖല, നാടന്‍ഭക്ഷ്യ മേഖല, പാരമ്പര്യ ഉത്പന്നങ്ങള്‍ തുടങ്ങി പ്രദര്‍ശനമേളകളില്‍ മാത്രം വിപണനത്തിനെത്തിയിരുന്നവരാണ് കൊവിഡില്‍ മറ്റു തൊഴില്‍മേഖലകളിലേക്കു മറാനാകാതെ ഏറ്റവും പ്രതിസന്ധിയിലായത്.
ഇവരുടെ ക്ഷേമം കൂടി ലക്ഷ്യമിട്ടാണ് കലാസാംസ്‌കാരിക രംഗത്തും, സാമൂഹ്യക്ഷേമ രംഗത്തും സജീവസാന്നിദ്ധ്യമായ കലാ ട്രസ്റ്റ് , വെള്ളയമ്പലം ജവഹര്‍ ബാലഭവന്റെയും വിവിധ സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ ക്രിസ്മസ് പുതുവത്സര വേളയില്‍ സ്റ്റാര്‍ ഫെസ്റ്റ് 2020 എന്ന പേരില്‍ പ്രത്യേക പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നത്. പ്രളയകാലത്ത് കേരളത്തിലുടനീളം കലാകാരന്മാരെ സംഘടിപ്പിച്ചു നടത്തിയ സ്വാന്തന സംഗീത പരിപാടിയും ജവഹര്‍ ബാലഭവനുള്‍പ്പടെ വിവിധ സ്‌കൂളുകള്‍ സ്മാര്‍ട്ട് ക്ലാസ്‌റൂമുകളാക്കാന്‍ കല ട്രസ്റ്റ് നടത്തിയ പദ്ധതികളും ശ്രദ്ധേയമായിരുന്നു. ആരോഗ്യവകുപ്പിന്റെ കൊവിഡ് മാനദണ്ഡങ്ങളും കര്‍ശനമായ ആരോഗ്യസുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് സംഘടിപ്പിക്കുന്ന മേളയ്ക്ക് ഡിസംബര്‍ 23 ന് ജവഹര്‍ ബാലഭവന്‍ ഗ്രൗണ്ടില്‍ തുടക്കമാകും. മേളയുടെ ഉദ്ഘാടനം വൈകിട്ട് 4ന് ബാലഭവന്‍ ചെയര്‍മാന്‍ കൂടിയായ വി കെ പ്രശാന്ത് എം എല്‍ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനിതാ കമ്മീഷന്‍ അംഗവും കലാ ട്രസ്റ്റിയുമായ ഇ എം രാധ, മാനേജിംഗ് ട്രസ്റ്റി ലാലു ജോസഫ് ,ട്രസ്റ്റംഗം മറിയ ഉമ്മന്‍, സിസ്സ സെക്രട്ടറി ഡോ.സി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രശസ്ത ഗായകന്‍ എം ജി ശ്രീകുമാര്‍ മുഖ്യാതിഥി ആയിരിക്കും.
കരകൗശല ഉത്പന്നങ്ങള്‍, നാടന്‍ഭക്ഷ്യ വിഭവങ്ങള്‍, പാരമ്പര്യ കളിമണ്‍പാത്ര നിര്‍മ്മാതാക്കള്‍, പൈതൃക ഉത്പന്നങ്ങള്‍ എന്നിവയ്‌ക്കൊപ്പം നഴ്‌സറി, പെറ്റ് ഷോ, ഓട്ടോമൊബൈല്‍, റിയല്‍ എസ്‌റ്റേറ്റ്, വിദ്യാഭ്യാസ പ്രദര്‍ശനം തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുമുള്ള പങ്കാളിത്തം സ്റ്റാര്‍ ഫെസ്റ്റിനെ തലസ്ഥാന നഗരിക്ക് അവിസ്മരണീയാനുഭവമാക്കും. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് കുട്ടികള്‍ക്ക് പങ്കെടുക്കാവുന്ന ,മത്സരമാണ് മേളയുടെ മറ്റൊരു ആകര്‍ഷണം.
ഇതിനൊപ്പം, നാടന്‍ കലാരൂപങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള സാംസ്‌കാരിക പരിപാടികളും, മറ്റ് നൃത്തരൂപങ്ങളും സ്റ്റാര്‍ ഫെസ്റ്റ് പ്രദര്‍ശന മേളയുടെ വൈകുന്നേരങ്ങളെ ആസ്വാദ്യമാക്കും. പ്രശസ്ത ഡിസൈനര്‍ ഹൈലേഷ് ഒരുക്കുന്ന സ്റ്റാര്‍ ഇന്‍സ്റ്റലേഷന്‍ കൗതുക കാഴ്ചയാവും. കൊവിഡ് കൊവിഡാനന്തര ആരോഗ്യപരിരക്ഷ വിഷയമാക്കി വിദഗ്ദ്ധര്‍ നയിക്കുന്ന സെമിനാറുകളും ഓഡിയോ വിഷ്വല്‍ പ്രദര്‍ശനങ്ങളും സ്റ്റാര്‍ഫെസ്റ്റിനോടനുബന്ധിച്ചുണ്ടാകും. ജനുവരി 3ന് മേള സമാപിക്കും. മേളയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് 9847010666 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടണം.