കൊറോണ വൈറസിനെതിരായ ആദ്യഘട്ട പോരാട്ടം ഏറെ കാര്യക്ഷമമായി നടത്തുകയും അതുവഴി ലോകശ്രദ്ധ നേടുകയും ചെയ്‌ത കേരളമാണ് ഇപ്പോള്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാമത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന രോഗികളില്‍ പകുതിയും ഇപ്പോള്‍ കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് ആളുകള്‍ ഒത്തുചേരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തിയേറ്ററുകള്‍ തുടങ്ങിയ ഇടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
തിയേറ്ററുകളില്‍ പകുതിയിലേറെ സീറ്റുകള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ ഈയിടെ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതാണ് ഇളവുകള്‍ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അതേ സമയം ഈ ഇളവുകള്‍ രോഗികള്‍ കൂടികൊണ്ടിരിക്കുന്ന കേരളത്തില്‍ നല്‍കരുതെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നത്.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് യാഥാര്‍ത്ഥ്യമാവുകയാണ് ചെയ്‌തത്. കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് കേരളത്തിലെ വൈറസ് എന്നതും ഇവിടെ രോഗികളുടെ എണ്ണം കൂടുന്നതിന് കാരണമായിട്ടുണ്ട്.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളാണ് കോവിഡ് നിയന്ത്രണങ്ങളോട് ജനങ്ങള്‍ വിമുഖത കാണിക്കുന്നതിന് തുടക്കമിട്ടത്. പ്രചാരണ രംഗത്ത് ആള്‍ക്കൂട്ടങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതിരുന്നതും നിയന്ത്രണം ഉറപ്പുവരുത്താന്‍ പൊലീസ് ഇടപെടാതിരുന്നതും തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിന്റെ ശ്രദ്ധ പാളിയതും കോവിഡ് പ്രതിരോധത്തില്‍ നിന്ന് നാം ഏറെ പിന്നോക്കം പോകാന്‍ കാരണമായി. തിരഞ്ഞെടുപ്പ് കാലത്തു കണ്ട ആള്‍ക്കൂട്ടങ്ങള്‍ പിന്നീട് പൊതുചടങ്ങുകളിലും യോഗങ്ങളിലും ഉത്സവങ്ങളിലും പതിവായി. പേരിന് മാസ്‌ക് ധരിക്കുന്നതല്ലാതെ സാമൂഹ്യ അകലം പാലിക്കുന്നതില്‍ തികഞ്ഞ അശ്രദ്ധയാണ് നല്ലൊരു വിഭാഗം പേരും കാട്ടുന്നത്. വാക്‌സിന്‍ വന്നതോടെ രോഗവ്യാപന സാധ്യത കുറവാണെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ പരന്നതും ഈ ഉദാസീനതക്ക് ശക്തിയേകി.
ടെസ്റ്റുകളുടെ കാര്യത്തില്‍ കേരളത്തിലെ രീതി വേണ്ടത്ര കാര്യക്ഷമമല്ലാത്ത സാഹചര്യം നിലനിന്നിട്ടു പോലും രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കുള്ള സൂചനയാണ്. ആര്‍ടിപിസിആര്‍ പരിശോധന വേണ്ട രീതിയില്‍ വ്യാപകമാക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. കൃത്യത കുറഞ്ഞ ആന്റിജന്‍ ടെസ്റ്റുകളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. കര്‍ണാടകത്തിലെ ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന വ്യാപകമായിരിക്കുമ്പോള്‍ ആന്റിജന്‍ ടെസ്റ്റ് മതിയെന്ന രീതിയാണ് കേരളത്തിലെ മിക്കയിടങ്ങളിലും അവലംബിക്കുന്നത്. ആര്‍ടിപിസിആര്‍ പരിശോധന വ്യാപകമാക്കിയാല്‍ രോഗികളുടെ എണ്ണം പിന്നെയും കൂടാനാണ് സാധ്യത.
അതേ സമയം രോഗികളുടെ എണ്ണം കൂടുന്നത് കേരളത്തിന്റെ ഒറ്റപ്പെട്ട പ്രശ്‌നമായി പെരുപ്പിച്ചു കാണേണ്ടതില്ല. മറ്റ് സംസ്ഥാനങ്ങളില്‍ രോഗബാധിതരെ കുറിച്ചുള്ള റിപ്പോര്‍ട്ടിംഗ് എത്രത്തോളം നടക്കുന്നുവെന്നത് ഒരു വലിയ ചോദ്യമാണ്. നഗരങ്ങളില്‍ കാര്യക്ഷമമായി പരിശോധനകള്‍ നടക്കുന്നുണ്ടാകാമെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ രോഗത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം പോലും നടക്കുന്നില്ല. ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കുള്ളത് ഇപ്പോഴും കേരളത്തിലാണ്. രാജ്യത്ത് മൊത്തം ശരാശരി മരണനിരക്ക് 2.1 ശതമാനമാണെങ്കില്‍ കേരളത്തില്‍ 0.42 ശതമാനം മാത്രമാണ്. തീവ്രമായ രോഗബാധയുള്ളവര്‍ക്കുള്ള ചികിത്സാസൗകര്യങ്ങളുടെ കാര്യത്തില്‍ കേരളം വളരെ മുന്നിലാണെന്നതു തന്നെ കാരണം. അതേ സമയം ചികിത്സ ഒരുക്കുന്നതില്‍ കാണിക്കുന്ന കരുതല്‍ പ്രതിരോധ നടപടികളിലും ഉണ്ടാകേണ്ടതുണ്ട്.