ആലുവ: സംസ്ഥാനത്ത് രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ആലുവ സ്വദേശി ചെല്ലപ്പന്‍, ന്യുമോണിയ ബാധിച്ചു മരിച്ച തലശേരി സ്വദേശി ലൈല എന്നിവര്‍ക്കാണ് പരിശോധനയില്‍ കോവിഡ് ബാധിച്ചുവെന്ന് തെളിഞ്ഞത്. ഇതോടെ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം നാലായി. കാസര്‍ഗോഡ് പടന്നക്കാട് സ്വദേശി നബീസ (65), പാലക്കാട് കൊല്ലകോട്ട് സ്വദേശി അഞ്ജലി (40) എന്നിവരുടെ മരണം കൊവിഡ് ബാധിച്ചാണെന്ന് രാവിലെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 58 ആയി.
ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ചെല്ലപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്റെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. രോഗ ഉറവിടം വ്യക്തമല്ല. കുറച്ചുദിവസം മുന്‍പ് ഇദ്ദേഹം ഒരു ലാബില്‍ പോയിരുന്നതായി സൂചനയുണ്ട്.
ബംഗളൂരുവില്‍ നിന്ന് വന്ന ലൈല ബത്തേരിയിലാണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് അവശ നിലയിലായിരുന്ന ഇവര്‍ ഐസിയു ആംബുലന്‍സിലാണ് ബത്തേരിയില്‍ എത്തിയത്. ഇവര്‍ക്ക് ബംഗളൂരുവില്‍ നടത്തിയ പരിശോധന നെഗറ്റീവ് ആയിരുന്നുവെങ്കിലും ബത്തേരിയില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു