ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണനിരക്ക് കുറഞ്ഞു. 2.28 ശതമാനമായാണ് കുറഞ്ഞത്. ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലാണ്. തുടര്‍ച്ചയായ നാലാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം 30,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 31,991 കോവിഡ് രോഗികളാണ് സുഖംപ്രാപിച്ചത്. ആകെ രോഗമുക്തര്‍ 9 ലക്ഷം കവിഞ്ഞു. നിലവില്‍ 9,17,567 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 64% ആണ്.
രോഗം നേരത്തെ കണ്ടെത്തി, ക്വാറന്റൈന്‍ ചെയ്തും മറ്റു നടപടികള്‍ സ്വീകരിച്ചും കേന്ദ്ര- സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകള്‍ നടത്തിയ കൂട്ടായ പരിശ്രമത്തിലൂടെയാണ് മരണനിരക്ക് കുറയ്ക്കാനായതെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
അതേസമയം, രാജ്യത്തെ കോവിഡ്-19 രോഗികളുടെ എണ്ണം ഇന്നത്തെ കണക്കനുസരിച്ച് 4,85,114 ആണ്. രോഗമുക്തരുടെ എണ്ണം നിലവിലുള്ള കേസുകളേക്കാള്‍ 4,32,453 അധികമാണ്. ആശുപത്രികളിലും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വൈദ്യസഹായം ഉറപ്പാക്കുന്നുമുണ്ട്.