മനാമ: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടക്കാനിരുന്ന കരിമരുന്ന് പ്രയോഗം ഈ വര്‍ഷം ഒഴിവാക്കാന്‍ തീരുമാനിച്ചതായി ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തുബ്ലി ബേ മേഖലയില്‍ നടക്കേണ്ടിയിരുന്ന ഈ വെടിക്കെട്ട് നിലവിലെ കൊറോണ വൈറസ് സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി പൊതു സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് റദ്ദാക്കിയത്. ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍ അതോറിറ്റിയാണ് (ബിടിഇഎ) നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഈ തീരുമാനം കൈകൊണ്ടത്.
പുതുവര്‍ഷ രാവിലെ കരിമരുന്ന് പ്രയോഗം വലിയ രീതിയിലുള്ള ജനക്കൂട്ടത്തിനിടയാക്കാമെന്ന നിഗമനത്തില്‍ അതോറിറ്റി എത്തിച്ചേരുകയായിരുന്നു. പ്രതിരോധ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ വീഴ്ച കൂടാതെ നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ആരോഗ്യ മേഖലയുമായി ചേര്‍ന്ന് തുടരുന്നതായി അതോറിറ്റി വ്യക്തമാക്കി. ഇത്തരം മുന്‍കരുതല്‍ നടപടികള്‍ രാജ്യത്തെ ജനജീവിതം സാധാരണ രീതിയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനും ആഘോഷവേളകള്‍ സുരക്ഷിതമായി വീണ്ടും രാജ്യത്ത് മടങ്ങിയെത്തുന്നതിനും സഹായകമാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.