ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് കെ.സി വേണുഗോപാല്‍ അറിയിച്ചു. തെരഞ്ഞെടുപ്പിലൂടെയാകും അധ്യക്ഷനെ തെരഞ്ഞെടുക്കുക. പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംഘടനാ തെരഞ്ഞെടുപ്പ് മെയ് മാസത്തില്‍ നടക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി. ഒറ്റക്കെട്ടായാണ് തീരുമാനത്തില്‍ എത്തിയതെന്ന് വേണുഗോപാല്‍ പറഞ്ഞു. കര്‍ഷക സമരത്തിന് നല്‍കുന്ന പിന്തുണ തുടരാനും പ്രവര്‍ത്തക സമിതിയില്‍ തീരുമാനമായി. ഇത് സംബന്ധിച്ച് പ്രമേയം യോഗത്തില്‍ പാസാക്കി.
കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള 23 നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയ സംഭവം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിയൊരുക്കിയിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് വീണ്ടും കപില്‍ സിബല്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിന്നു. അതേസമയം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചുവരണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ഇന്ന് വീണ്ടും ആവശ്യപ്പെട്ടു.











