കൊച്ചി: കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ അടച്ചിട്ട സംസ്ഥാനത്തെ തിയറ്ററുകള്‍ ഇന്ന് തുറക്കുന്നു. നീണ്ട പത്ത് മാസക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് തിയറ്ററുകള്‍ തുറക്കുന്നത്. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് തിയറ്ററുകളുടെ പ്രവര്‍ത്തനം. സിനിമാ സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തതോടെയാണ് തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമായത്.
തമിഴ് സൂപ്പര്‍ താരങ്ങളായ വിജയും വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന മാസ്റ്ററാണ് നീണ്ട ഇടവേളയക്ക് ശേഷം റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സംസ്ഥാനത്തെ അഞ്ഞൂറിലധികം സ്‌ക്രീനുകളിലാണ് മാസ്റ്റര്‍ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്. ഇതോടെ ആവേശത്തിലാണ് ആരാധകരും തിയറ്റര്‍ നടത്തിപ്പുകാരും.
സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ തിയറ്ററുകളില്‍ ട്രയല്‍ അടക്കം നടത്തിയിരുന്നു. രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പത് മണി വരെ മൂന്ന് ഷോ എന്ന നിലയിലായിരിക്കും തിയറ്ററുകള്‍ പ്രവര്‍ത്തിക്കുക. ഒന്നിടവിട്ട സീറ്റുകള്‍ അടച്ച് കെട്ടിയാകും കോവിഡ് കാലത്തെ പ്രദര്‍ശനം നടക്കുക. അതേസമയം മാസ്റ്റര്‍ റിലീസ് ചെയ്യാത്ത ഇടത്തരം തിയറ്ററുകളില്‍ വരുന്ന ആഴ്ച മാത്രമേ റിലീസ് ഉണ്ടാകുകയുളളു.











