കണ്ണൂര്‍: കച്ചവടക്കാരോട് യാതൊരു പ്രകോപനവുമില്ലാതെ അപമര്യാദയായി പെരുമാറിയ ചെറുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ പോലീസ് അക്കാദമിയിലയച്ച് പോലീസ് ആക്റ്റിലെ വ്യവസ്ഥകള്‍ പഠിപ്പിക്കേണ്ടതാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ചെറുപുഴ സി ഐ യുടെ പെരുമാറ്റത്തെക്കുറിച്ച് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. സി ഐ, വിനീഷ് കുമാറിന് തന്റെ ഭാഗം മൂന്നാഴ്ചയ്ക്കകം വിശദീകരിക്കാമെന്നും കമ്മീഷന്‍ അറിയിച്ചു.
അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് അടിസ്ഥാനമാക്കി കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ചെറുപുഴ സി ഐ വഴിയോര കച്ചവടക്കാരെ തെറിവിളിക്കുന്നതിന്റെ വീഡിയോ സഹിതമാണ് ഹരീഷ് പോസ്റ്റിട്ടിട്ടുള്ളത്.
വഴിയോരക്കച്ചവടങ്ങള്‍ നിയന്ത്രിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുക തന്നെ വേണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. എന്നാല്‍ ഇതല്ല വിധി നടപ്പാക്കേണ്ട വഴി. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പോലീസ് ആക്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ചെറുപുഴ സിഐ ഇതെല്ലാം കാറ്റില്‍ പറത്തി. ഇതാണ് പോലീസിന്റെ പെരുമാറ്റ ശൈലിയെങ്കില്‍ അടുത്ത കാലത്ത് കേരള പോലീസ് ആക്റ്റില്‍ കൊണ്ടുവന്ന 118 എ, എന്ന ഭേദഗതി തീര്‍ച്ചയായും പുന:പരിശോധി ക്കേണ്ടതാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.