കൊച്ചി: ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ കഞ്ചാവ് കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ 19 പോലീസുകാര്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ഒമ്പതാം തീയ്യതിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്താം തീയ്യതി പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. റിമാന്‍ഡ് ചെയ്ത പ്രതിയെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും കോവിഡ് പരിശോധന നടത്തുകയും ചെയ്തു.
നിരീക്ഷണത്തില്‍ കഴിയവെ പരിശോധനാഫലം വന്നപ്പോഴാണ് പ്രതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോടെല്ലാം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചത്. എല്ലാ പോലീസുകാരും നിരീക്ഷണത്തില്‍ പോയതോടെ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനത്തിന് പോലും ആളില്ലാത്ത അവസ്ഥയായി. അതോടെ മറ്റ് സ്‌റ്റേഷനുകളില്‍ നിന്ന് പകരം പോലീസുകാരെ എത്തിച്ച ശേഷമാണ് സ്‌റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.