ന്യൂഡല്‍ഹി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ സിലബസില്‍ നിന്നും പൗരത്വം, മതേതരത്വം, ദേശീയത, ഫെഡറലിസം തുടങ്ങിയവയെക്കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടിമാറ്റി സിബിഎസ്ഇ. 2020-21 പ്ലസ് വണ്‍ ബാച്ചിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നാണ് നിര്‍ണായക വിഷയങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നത്.
ഇവയ്ക്കുപുറമെ പ്രാദേശിക ഭരണകൂടങ്ങളുടെ ആവശ്യകത, ഇന്ത്യന്‍ തദ്ദേശ ഭരണത്തിന്‍റെ വളര്‍ച്ച തുടങ്ങിയ ഭാഗങ്ങളും പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര മാനവ വികസന മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഒന്‍പത് മുതല്‍ 12-ാം ക്ലാസ് വരെയുള്ള സിലബസ് 30 ശതമാനം വെട്ടിച്ചുരുക്കാനാണ് മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം.
കോവിഡ് പശ്ചാത്തലത്തില്‍ പഠന നേട്ടത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് പ്രധാന ആശയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സിലബസ് 30 ശതമാനം വരെ കുറച്ച് യുക്തിസഹമാക്കാന്‍ തീരുമാനിച്ചു എന്നായിരുന്നു മാനവ വികസന മന്ത്രി രമേശ് പൊഖ്രിയാലിന്‍റെ ട്വീറ്റ്.











