തിരുവനന്തപുരം: അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിന് പിന്നാലെ സംസ്ഥാനത്തെ കേസുകള്‍ എടുക്കുന്നതിന് സിബിഐക്ക് നല്‍കിയ പൊതു അനുമതി പിന്‍വലിച്ച് കേരള സര്‍ക്കാര്‍.മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.മറ്റ് ചില സംസ്ഥാനങ്ങളെപ്പോലെ സിബിഐ അന്വേഷണം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ എല്‍ഡിഎഫ്, സിപിഐ(എം), സിപിഐ എന്നിവയുടെ പ്രമുഖ ഘടകങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
സിബിഐയ്ക്ക് ഇനി കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അതേസമയം, കോടതിയുടെ നിര്‍ദേശപ്രകാരം കേസ് എടുക്കാനോ ക്രിമിനല്‍ കേസുകള്‍ക്കോ ഇത് ബാധകമല്ല. സിബിഐയുടെ നിലവിലെ അന്വേഷണങ്ങളെയും ഇത് ബാധിക്കില്ല. ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് തുടര്‍ന്നും അന്വേഷണം തുടരാം.
പൊതുസമ്മതം പിന്‍വലിക്കാനുള്ള തീരുമാനം എക്സിക്യൂട്ടീവ് ഓര്‍ഡറായി പുറത്തിറക്കും. 2017-ലാണ് സിബിഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പൊതുസമ്മതം നല്‍കിയത്.
മഹാരാഷ്ട്ര, ഛത്തീസ്ഖഡ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്.

















