മുംബൈ: പ്രത്യേക കോവിഡ് ഡ്യൂട്ടിക്കായി മഹാരാഷ്ട്രയിലേക്ക് പോയ മലയാളി ഡോക്ടര്‍മാര്‍ കേരളത്തിലേക്ക് മടങ്ങുന്നു. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. 15 പേര്‍ ഇതിനോടകം മടങ്ങിയെന്നും 25 പേര്‍ ഉടന്‍ മടങ്ങുമെന്നുമാണ് ലഭിക്കുന്ന വിവരം.
കോവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ജൂണ്‍ ഒന്‍പതിനാണ് 40 ഡോക്ടര്‍മാരും 35 നഴ്‌സുമാരും അടങ്ങുന്ന മെഡിക്കല്‍ സംഘം മുംബൈയില്‍ എത്തിയത്. എന്നാല്‍ ഇവര്‍ക്ക് ഇതുവരെ ശമ്പളം നല്‍കിയിട്ടില്ലെന്നാണ് ആരോപണം. ഇവര്‍ക്കൊപ്പം പോയ ചില നഴ്‌സുമാര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല.
സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാര്‍ക്ക് രണ്ട് ലക്ഷം രൂപയും എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് 80,000 രൂപയും നഴ്‌സുമാര്‍ക്ക് 35,000 രൂപയും യാത്രാ ചെലവുമാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ശമ്പളമോ യാത്രാ ചെലവോ ഇതുവരെ നല്‍കിയില്ലെന്നാണ് ആരോപണം. അതേസമയം സെവന്‍ ഹില്‍സ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കിയെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.
ആദ്യം ജൂലൈ അഞ്ചിന് ശമ്പളം നല്‍കാമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ശമ്പള തീയ്യതി പല തവണ നീട്ടുകയായിരുന്നു. എന്നാല്‍ ശമ്പളം ഉടന്‍ അവരുടെ അക്കൗണ്ടുകളില്‍ എത്തുമെന്ന് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.



















