Web Desk
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 11,458 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം 3.08 ലക്ഷമായത്. ഇന്നലെ മാത്രം 386 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. ഇതോടെ ആകെ മരണം 8,884 ആയി. 1.45 ലക്ഷം പേര്‍ രോഗമുക്തരായെന്നും 1.54 ലക്ഷം പേര്‍ ചികിത്സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ നിലവില്‍.
ഏറ്റവും കൂടുതല്‍ രോഗികളുളള മഹാരാഷ്ട്രയില്‍ ഇന്നലെ 3,493 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. 3,717 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്. ഡല്‍ഹിയില്‍ ഇന്നലെ ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. 2,137 പേര്‍ക്ക് കൂടി അസുഖം ബാധിച്ചതോടെ 36,824 ആയി ആകെ രോഗികള്‍. 1,214 പേരാണ് മരിച്ചത്.
തമിഴ്‌നാട്ടില്‍ 40,698 പേര്‍ക്ക് രോഗമുണ്ടെന്നാണ് ഇതുവരെ കണ്ടെത്തിയത്. 367 പേര്‍ മരിക്കുകയും ചെയ്തു. ഇന്നലെ മാത്രം 18 പേര്‍ മരിക്കുകയും 1479 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഗുജറാത്തില്‍ 22,562 ആയി ഉയര്‍ന്നു കൊവിഡ് രോഗികളുടെ എണ്ണം. 1,416 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്.