ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഫൈനലില്‍ റഷ്യയുടെ നാലാം നമ്പര്‍ താരം ഡാനില്‍ മെദ്‌വെദെവ് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ നേരിടും. രണ്ടാം സെമിഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സ്റ്റിസിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് റഷ്യന്‍ താരം ഫൈനലില്‍ പ്രവേശിച്ചത്. 6-4, 6-2, 7-5 എന്നിങ്ങനെയാണ് സ്‌കോര്‍. തുടര്‍ച്ചയായ 20-ാം മത്സരത്തിലാണ് മെദ്‌വെദെവ് അപരാജിതനായി മുന്നേറുന്നത്. കരിയറില്‍ ആദ്യമായാണ് താരം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
മറ്റൊരു സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് വിജയം സ്വന്തമാക്കി. റഷ്യയുടെ അസ്ലന്‍ കരറ്റ്സെവിനെതിരെ നേരിട്ട് മൂന്ന് സെറ്റുകള്‍ സ്വന്തമാക്കിയാണ് ജോക്കോവിച്ച് ഫൈനലില്‍ ഇടം നേടിയത്. 6-3, 6-4, 6-2 എന്നിങ്ങനെ ആധികാരികമായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ വിജയം. 28-ാം ഗ്രാന്‍ഡ്സ്ലാം ഫൈനലിലാണ് ജോക്കോവിച്ച് ഇറങ്ങുന്നത്. ഒമ്പതാം കിരീടമാണ് താരത്തിന്റെ ലക്ഷ്യം. മറുവശത്ത് റഷ്യന്‍ താരം അസ്ലന്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാമില്‍ തന്നെ സെമി ഫൈനലില്‍ കടന്ന ശേഷമാണ് പുറത്താകുന്നത്.


















