ജോഹന്നാസ്ബര്‍ഗ്: വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ ലോകത്താകമാനം പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ മഖായ എന്റിനി. ടീമിനുള്ളില്‍ തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്നും എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയിരുന്നതായും എന്റിനി തുറന്നടിച്ചു.
സൗത്താഫ്രിക്കന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനുമായുള്ള അഭിമുഖത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. അത്താഴം കഴിക്കാന്‍ പോകുമ്പോള്‍ തന്നെ ആരും വിളിക്കാറില്ലെന്നും പ്രഭാത ഭക്ഷണ സമയത്ത് ആരും തന്റെ ഒപ്പം ഇരിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും എന്റിനി പറഞ്ഞു. മറ്റുള്ളവര്‍ ഒന്നിച്ചിരുന്ന് പല കാര്യങ്ങളും ആസൂത്രണം ചെയ്യുമ്പോള്‍ താന്‍ ഒരു നോക്കുകുത്തിയായി നിന്നിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
തങ്ങള്‍ എല്ലാവരും ഒരേ നിറത്തിലുള്ള ജേഴ്‌സിയാണ് അണിയുന്നത്, ഒരേ ദേശീയഗാനമാണ് ആലപിക്കുന്നത്. എന്നിട്ടും തനിക്കുമാത്രം ടീമില്‍ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടിവന്നു. ഒറ്റപ്പെല്‍ ഒഴിവാക്കാനായി ടീം ബസില്‍ യാത്ര ചെയ്യുന്നതുപോലും ഒഴിവാക്കിയിരുന്നതായി എന്റിനി പറയുന്നു. ബസില്‍ സഞ്ചരിക്കേണ്ട സാഹചര്യം വന്നാല്‍ താന്‍ പിന്‍സീറ്റില്‍ ഇരിക്കുകയാണെങ്കില്‍ മറ്റെല്ലാവരും മുന്നിലേക്ക് മാറി ഇരിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.
ഇതൊഴിവാക്കാന്‍ കിറ്റ് ഡ്രൈവറെ ഏല്‍പ്പിച്ച് സ്റ്റേഡിയം വരെ ഓടുകയാണ് പതിവെന്നു പറഞ്ഞ എന്റിനി താന്‍ എന്തിന് ഇത് ചെയ്യുന്നുവെന്ന് തിരിച്ചറിയാന്‍ മറ്റുള്ളവര്‍ക്ക് സാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി. മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ ടീം ജയിച്ചാല്‍ എല്ലാവര്‍ക്കും സന്തോഷമാണ്. മറിച്ചായാല്‍ എല്ലാവരും തന്നെയാവും കുറ്റപ്പെടുത്തുകയെന്നും എന്റിനി പറഞ്ഞു.
അതേസമയം തന്റെ മകനും ഇതേ വംശവെറിക്ക് ഇരയായിട്ടുണ്ടെന്നും താരം തുറന്നടിച്ചു. ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 ടീമില്‍ കളിക്കുന്ന മകന്‍ തണ്ടോ അധിക്ഷേപങ്ങള്‍ നേരിട്ടതോടെ പലപ്പോഴും കളിക്കാന്‍ പോകാതിരുന്നുവെന്നും എന്റിനി വ്യക്തമാക്കി.