മലപ്പുറം: കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാടെത്തി ഹൈദരാലി ശിഹാബ് തങ്ങളെ കണ്ടു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്തതായി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ യുഡിഎഫില്‍ ഇന്ന് ആരംഭിക്കാനിരിക്കെയാണ് കോണ്‍ഗ്രസ്-ലീഗ് കൂടിക്കാഴ്ച. എന്നാല്‍ സീറ്റ് ചര്‍ച്ചകള്‍ നടത്തിയില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. സീറ്റ് വച്ചു മാറുന്നത് ഉള്‍പ്പെടെ തീരുമാനിക്കാന്‍ തൊടുപുഴയില്‍ കേരള കോണ്‍ഗ്രസും ഇന്ന് നേതൃയോഗം വിളിച്ചിട്ടുണ്ട്.
അതേസമയം സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ഇടതു മുന്നണിയും ഇന്ന് യോഗം ചേരും. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന ജാഥകളുടെയും പ്രചരണ പരിപാടികളുടെയും വിശദാംശങ്ങള്‍ തീരുമാനിക്കും. മുന്നണി വിടില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ടി.പി പീതാംമ്പരനും അറിയിച്ചിട്ടുണ്ട്.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതുവരെ മുന്നണിയില്‍ നടന്നിട്ടില്ല. പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍സിപി ഒറ്റക്കെട്ടാണെന്നും മുന്നണി വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും പീതീംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.












