തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഓണ്‍ലൈനായി പത്രിക നല്‍കുന്നവര്‍ അതു ഡൗണ്‍ലോഡ് ചെയ്ത് പകര്‍പ്പ് വരണാധികാരിക്ക് നല്‍കണം. തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥി കെട്ടിവെക്കേണ്ട തുകയും ഓണ്‍ലൈനായി അടയ്ക്കാന്‍ ഇത്തവണ സൗകര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് രാഷ്ട്രീയ കക്ഷി നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തി. കോവിഡ് പശ്ചാത്തലത്തില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ചും രാഷ്ട്രീയ കക്ഷി നേതാക്കളോട് അദ്ദേഹം വിശദീകരിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടുപേര്‍ മാത്രമേ അനുവദിക്കൂ. പ്രചരണ വാഹന ജാഥകള്‍ക്ക് പരമാവധി അഞ്ചു വാഹനങ്ങളാകും അനുവദിക്കുക. ഒരെണ്ണം പൂര്‍ത്തിയായി അരമണിക്കൂറിന് ശേഷമേ അടുത്ത ജാഥ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍ എന്നിവര്‍ക്ക് ഇത്തവണ തപാല്‍ വോട്ടിന് സൗകര്യമൊരുക്കുമെന്ന് ടിക്കാറാം മീണ അറിയിച്ചു. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് തപാല്‍ വോട്ട് നേരിട്ട് എത്തിക്കാന്‍ ജില്ലാ തലത്തില്‍ പ്രത്യേക ടീം രൂപീകരിക്കും. തപാല്‍ വോട്ടിന് ആഗ്രഹിക്കുന്നവര്‍ 12-ഡി ഫോറത്തില്‍ അതത് വരണാധികാരിക്ക് അപേക്ഷ നല്‍കണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതല്‍ വിജ്ഞാപനം വന്ന് അഞ്ചുദിവസം വരെ ഇത്തരത്തില്‍ തപാല്‍ വോട്ടിന് അപേക്ഷിക്കാം.
തപാല്‍ വോട്ട് അനുവദിക്കുന്നവരുടെ പ്രത്യേക പട്ടിക ബൂത്തടിസ്ഥാനത്തില്‍ വരണാധികാരി തയാറാക്കും. ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം വീടുകളില്‍ ഇവ നല്‍കും. ടീമില്‍ രണ്ടു പോളിംഗ് ഓഫീസര്‍മാര്‍, ഒരു പോലീസ് സെക്യൂരിറ്റി, ഒരു വീഡിയോഗ്രാഫര്‍ എന്നിവരുണ്ടാകും. ഇവര്‍ ബാലറ്റ് നല്‍കാന്‍ പോകുന്ന സമയക്രമം സ്ഥാനാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കും. ഇതുപ്രകാരം സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്കും സ്ഥലത്ത് എത്താനാകും.
വോട്ടെടുപ്പും അനുബന്ധ പ്രവര്‍ത്തനങ്ങളും സമാധാനപരമായി നടത്താനുള്ള എല്ലാ പിന്തുണയും രാഷ്ട്രീയ കക്ഷികളോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കള്ളവോട്ട് തടയാന്‍ എല്ലാ സ്ഥലങ്ങളിലും പോളിംഗ് ഏജന്റുമാര്‍ ഉണ്ടെന്ന് രാഷ്ട്രീയ കക്ഷികള്‍ ഉറപ്പാക്കണമെന്നും മീണ പറഞ്ഞു.