ലോകത്ത് ഇതുവരെ ഏഴായിരം ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡ് ബാധിച്ചു മരിച്ചതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. ഏറ്റവും അധികം മരണം സംഭവിച്ചത് മെക്‌സിക്കോയിലാണെന്നും ഇവിടെ 1,300 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാസങ്ങള്‍ പിന്നിടുമ്പോള്‍ മെക്‌സിക്കോ, ബ്രസീല്‍, അമേരിക്ക എന്നിവിടങ്ങളില്‍ ഭീകരമായ നിരക്കിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് ബാധിച്ച് മരിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സാമ്പത്തിക സാമൂഹ്യനീതി മേധാവി സ്റ്റീവ് കോക്ക്‌ബേണ്‍ വ്യക്തമാക്കി.
ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും കോവിഡ് അതിവേഗം പടര്‍ന്നു പിടിക്കുകയാണെന്നും എല്ലാ രാജ്യങ്ങളും കൃത്യമായ നടപടി സ്വീകരിക്കേണ്ടതിന്റെ അവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 87,000 ത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് പിടിപെട്ടത്. ഇതില്‍ 573 പേര്‍ മരണത്തിന് കീഴടങ്ങി.
മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവരുടെ ജീവന്‍ നഷ്ടമാകുന്നത്. ഇത് വലിയൊരു പ്രതിസന്ധിയാണ്. പലര്‍ക്കും സ്വന്തം ജീവന്‍ ത്യജിക്കേണ്ടിവരുന്നത് ഖേദകരമാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലിസ്ഥലത്ത് സുരക്ഷിതരായിരിക്കാന്‍ അവകാശമുണ്ടെന്നും സ്റ്റീവ് കോക്ക്‌ബേണ്‍ ചൂണ്ടിക്കാട്ടി.
ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മതിയായ സുരുക്ഷാ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ആഗോള സഹകരണം ഉണ്ടാകണം. അത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്വന്തം ജീവന്‍ പണയപ്പെടുത്താതെ അവരുടെ ജോലി തുടരാന്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.