അത്ഭുതങ്ങളുടെ നഗരത്തില്‍ ലോകത്തിലെ ഏറ്റവും മനോഹരമായ സൗധത്തില്‍ വിസ്മയങ്ങളുടെ കലവറ
ദുബായ് : ഒന്നിനൊന്ന് വ്യത്യസ്തമായ ആകാശംമുട്ടെയുള്ള കൂറ്റന്‍ കെട്ടിടനിരകളുടെ ഇടയില്‍ ഏവരേയും കൗതുകത്തോടെ ആകര്‍ഷിക്കുന്ന അത്യപൂര്‍വ്വ ശില്പചാതുരിയില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ഒരു നിര്‍മാണം ഏവരുടേയും കണ്ണുകളെ നിമിഷനേരത്തേക്ക് ഉടക്കിയിടും.
ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ പോലെ തന്നെ ഏവരുടേയും ശ്രദ്ധ നേടുന്ന ഈ വാസ്തുശില്പ കലാരൂപമാണ് മ്യൂസിയം ഓഫ് ഫ്യുചര്‍.
ദുബായിലെ ആദ്യ കാല ഹൈറൈസുകളില്‍ ഒന്നായ എമിറേറ്റ്‌സ് ടവറിനും വേള്‍ഡ് ട്രേഡ് സെന്ററിനും സമീപം മുപ്പതിനായിരം ചതുരശ്ര മീറ്ററില്‍ 77 മീറ്റര്‍ ഉയരത്തില്‍ ഉയര്‍ത്തിയിട്ടുള്ള വളഞ്ഞു ചുറ്റിയുള്ള ഒരു അത്ഭുത മന്ദിരമാണ് ഫെബ്രുവരി 22 ന് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ പോകുന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മെട്രോയില്‍ വന്നിറങ്ങുന്നവര്‍ക്ക് മ്യൂസിയം ഓഫ് ഫ്യൂചേഴ്‌സിലേക്ക് എത്താന്‍ എക്‌സ്‌ക്ലൂസീവ് പാലം നിര്‍മിച്ചിട്ടുണ്ട്.
സൂര്യപ്രകാശം പ്രതിഫലിക്കുമ്പോള്‍ അതിന്റെ വെള്ളി വെളിച്ചത്തില്‍ വെട്ടിത്തിളങ്ങുന്ന കെട്ടിടം അറബിക് അക്ഷരകലാശൈലിയില്‍ ദൃശ്യവിരുന്നൊരുക്കുന്നു.
ദുബായുടെ ചരിത്രത്തിലെ സുപ്രധാന വര്‍ഷമായി മാറുന്ന 2022 ല്‍ സന്ദര്‍ശകര്‍ക്ക് സമര്‍പ്പിക്കുന്ന വിസ്മയമാകും ഇതെന്ന് ഷെയ്ഖ് മുഹമദ് പറഞ്ഞു.
We built the Museum of the Future as a global hub for scientists, thinkers and innovators – it is the ideal headquarters to develop the potential of our region’s finest minds. We will act as an incubator and accelerator for fostering Arab and global talent. pic.twitter.com/qKxPXBl5FP
— HH Sheikh Mohammed (@HHShkMohd) January 4, 2022
നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ തിരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും മികച്ച 14 മ്യൂസിയങ്ങളില്‍ ഇടം പിടിച്ചുകഴിഞ്ഞു ദുബായിയുടെ ഈ അതിമനോഹര സൗധം.
ചൈനയിലെ ഷംഗായ് ജ്യോതിശാസ്ത്ര മ്യൂസിയം, വാഷിംഗ്ടണിലെ ദേശീയ മ്യൂസിയം, സ്‌പെയിനിലെ ഗഗ്ഗന്‍ഹെം ബില്‍ബാവോ മ്യൂസിയം എന്നിവയ്‌ക്കൊപ്പമാണ് ദുബായിയുടെ മ്യൂസിയം ഓഫ് ഫ്യൂചര്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
ഏഴു നിലകളിലായി ഒരുക്കിയിട്ടുള്ള ഈ മ്യൂസിയത്തില്‍ ബഹിരാകാശ ഗവേഷണ സ്ഥാപനവും പ്രവര്‍ത്തിക്കും.
With each and every milestone and achievement, the UAE has always inspired the world. Now on this 50th UAE National Day, we look towards our nation’s future and all success stories we’ll write along the way.#UAENationalDay #MuseumOfTheFuture pic.twitter.com/ZgYP7wnnR4
— Museum Of The Future (@MOTF) December 2, 2021
17000 ചതുരശ്ര അടി വിസ്തൃതിയില്‍ സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് കെട്ടിടത്തിന്റെ ചട്ടക്കൂട് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 14,000 മീറ്ററില്‍ അറബിക് അക്ഷരകലയില്‍ അലങ്കരിച്ച് മനോഹരമാക്കിയിട്ടുണ്ട്. എമിറാറ്റി കലാകാരനായ മത്തര്‍ ബിന്‍ ലഹേജാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.
1024 സ്റ്റീല്‍ പ്ലേറ്റുകളാണ് കെട്ടിടത്തില്‍ പുറമേയായി പാകിയിരിക്കുന്നത്. റോബട്ടുകളാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ തന്നെ ഇതാദ്യമായാണ് റോബോട്ടുകള്‍ സൃഷ്ടിച്ച സ്റ്റീല്‍ പ്ലേറ്റുകള്‍ ഉപയോഗിച്ചുള്ള നിര്‍മാണം.
ജുമൈയ്‌റ എമിറേറ്റ്‌സ് ടവറില്‍ നിന്നും എമിറേറ്റ്‌സ് ടവര്‍ മെട്രോ സ്റ്റേഷനില്‍ നിന്നുമായും രണ്ട് പാലങ്ങള്‍ മ്യൂസിയത്തിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്.
കെട്ടിടത്തിലേക്കുള്ള വൈദ്യുതി സൗരോര്‍ജ്ജത്തില്‍ നിന്നാണ്. നാലായിരം മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന സൗരോര്‍ജ്ജ നിലയം കെട്ടിടത്തിനൊപ്പമുണ്ട്.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ഇറിഗേഷന്‍ സംവിധാനത്തില്‍ സജ്ജമാക്കിയിട്ടുള്ള 80 വിവിധ തരം ചെടികളുള്ള പാര്‍ക്കും ഇതിനൊപ്പമുണ്ട്.
അത്യാധുനിക സാങ്കേതിക വിദ്യകളുടെ കലവറയായാണ് ഈ മ്യൂസിയത്തെ ഒരുക്കിയിരിക്കുന്നത്. വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ബിഗ് ഡേറ്റ അനാലിസിസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക് ഇന്ററാക്ഷന്‍ തുടങ്ങിയ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിസ്മയ ലോകമാണിവിടം.