ബംഗളുരു: ബംഗളൂരു മയക്കു മരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയെ കസ്റ്റഡിയിലെടുത്തു.യെലഹങ്കയിലെ ഫ്ലാറ്റില്‍ നിന്നാണ് സെന്‍ട്രല്‍ ക്രൈബ്രാഞ്ച് ഇവരെ കസ്റ്റഡിയിലെടുത്തത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച രാഗിണിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.
അന്വേഷണസംഘം നടിയുടെ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയിരുന്നു. വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാഗിണി ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിയില്‍ നിന്ന് സെര്‍ച്ച് വാറണ്ടുമായി വെള്ളിയാഴ്ച രാവിലെതന്നെ രാഗിണിയുടെ യെലഹങ്കയിലെ വീട്ടില്‍ സി.സി.ബി റെയ്ഡിനെത്തിയത്. രാഗിണിയുടെ നാല് മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം പിടിച്ചെടുത്തു. ഫോണില്‍ നിന്നും വാട്സ് ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതായും കണ്ടെത്തി.
അതേസമയം, കേസില്‍ രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആര്‍.ടി.ഒ ഓഫിസിലെ ഉദ്യോഗസ്ഥനാണ് രവിശങ്കര്‍. മയക്കുമരുന്ന് കേസില്‍ മറ്റൊരു നടിയായ സഞ്ജന ഗല്‍റാണിയേയും ബംഗളൂരു സെന്‍ട്രല്‍ ക്രൈബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്തേക്കും. ഇവരുടെ സഹായിയായ രാഹുലും കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
കുറ്റക്കാരായി കണ്ടെത്തുന്നവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ലഹരി ഉപയോഗം തുടച്ചു നീക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.












