ദുബായ്: കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബുദാബി. എമിറേറ്റിലെ എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കുകയാണ് ലക്ഷ്യം. പുതിയ നിര്‍ദേശ പ്രകാരം തൊഴിലാളികള്‍, വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി തൊഴില്‍ മേഖലയിലുളള എല്ലാവരും ഓരോ രണ്ടാഴ്ച കൂടുംതോറും കോവിഡ് ടെസ്റ്റ് നടത്തണം. അതേസമയം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ പരിശോധന നടത്തേണ്ടതില്ല. ജനുവരി 10 മുതല്‍ പുതിയ സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വരും.
റെസ്‌റ്റോറന്റുകള്‍, കഫേകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, ബേക്കറികള്‍, കശാപ്പുശാലകള്‍, ചില്ലറ വ്യാപാരികള്‍, ഷോപ്പിംഗ് മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെ ലൈസന്‍സുളള എല്ലാ വാണിജ്യസ്ഥാപനങ്ങള്‍ക്കും അവിടുത്തെ ജീവനക്കാര്‍ക്കും പുതിയ നിര്‍ദേശം ബാധകമാണ്. തൊഴിലാളികളുടെയും ജീവനക്കാരുടെയും പരിശോധനയ്ക്കുളള സാമ്പത്തിക ചെലവുകള്‍ വാണിജ്യസ്ഥാപനങ്ങള്‍ വഹിക്കണമെന്നും അബുദാബി സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. അബുദാബിയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കി വരികയാണ്. അതേസമയം പുതിയ സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വരുന്നതോടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കേറാനാണ് സാധ്യത.












