തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസ് പ്രതികളെ ജയിലിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്ക് ശേഷം ഫാ.തോമസ് കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് മാറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ വൈദ്യ പരിശോധനയില്‍ ഇരുവരുടേയും കോവിഡ് ഫലം നെഗറ്റീവാണ്.
28 വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് അഭിയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി വിധി പ്രസ്താവം നടത്തിയത്. ഇരുവരുടേയും ശിക്ഷാവിധി നാളെ വരും.
അതേസമയം വിധി വന്നതിന് പിന്നാലെ താന്‍ നിരപരാധിയാണെന്ന് തോമസ് കോട്ടൂര്‍ ആവര്‍ത്തിച്ചു. കുറ്റം ചെയ്തിട്ടില്ല, ദൈവത്തിന്റെ പദ്ധതിയനുസരിച്ച് എല്ലാം നടക്കുമെന്നായിരുന്നു ഫാദര്‍ കോട്ടൂരിന്റെ പ്രതികരണം. കോടതി മുറിയില്‍ തോമസ് കോട്ടൂര്‍ ഭാവഭേദം ഇല്ലാതെ ഇരുന്നപ്പോള്‍ വിധി കേട്ട സെഫി പൊട്ടിക്കരയുകയാണ് ഉണ്ടായത്.