Web Desk
തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്ന വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ നാലു വർഷം കൊണ്ട് വലിയ വർദ്ധനവാണ് വന്നിരിക്കുന്നത്. 2015-16 ൽ ഇപ്രകാരം പെൻഷൻ വാങ്ങുന്നവരുടെ എണ്ണം 33.99 ലക്ഷം ആയിരുന്നു. ഇത് 2019-20 ആയപ്പോഴേക്കും 48.91 ലക്ഷമായി ഉയർന്നു. 14.92 ലക്ഷം ആളുകൾക്കാണ് അധികമായി വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ ഗുണഫലം ലഭിച്ചത്. കൂടാതെ കുറഞ്ഞ പെൻഷൻ തുക 600 രൂപയിൽ നിന്ന് 1,300 രൂപയായി ഉയർത്തുകയും ചെയ്തു. വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ, 50 വയസ്സിന് മേലെ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്ന പെൻഷനുകൾ. 2016 ജൂലൈ മാസം മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക ട്രാൻസ്ഫർ ചെയ്യുന്നതു കൂടാതെ പെൻഷൻ തുക ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിക്കുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലായി 38.97 ലക്ഷം ആളുകളും മുനിസിപ്പാലിറ്റികളിലായി 5.84 ലക്ഷവും കോർപ്പറേഷനുകളിലായി 3.37 ലക്ഷം ആളുകളുമാണ് പെൻഷൻ പരിധിയിൽ വരുന്നത്.
കർഷക തൊഴിലാളി പെൻഷൻ 4.52 ലക്ഷം ആളുകൾക്കും വയോജന പെൻഷൻ 25.17 ലക്ഷം പേർക്കും ലഭിക്കുന്നു. വികലാംഗ പെൻഷൻ സ്കീമിൽ ഉൾപ്പെടുന്നത് നാലു ലക്ഷം ആളുകളാണ്. അൻപതു കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷന്റെ ആനുകൂല്യം 84896 പേർക്കും വിധവാ പെൻഷൻ ആനുകൂല്യം 13.56 ലക്ഷം പേർക്കും ലഭിക്കുന്നു. 2011 മുതൽ 2016 വരെയുള്ള കാലയളവിൽ വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകളിലായി ആകെ വിതരണം ചെയ്തത 8,429 കോടി രൂപയായിരുന്നു. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്ന് നാളിതുവരെ 23,255 കോടി രൂപയാണ് പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്.
പെൻഷനടക്കമുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഒന്നൊന്നായി ഇല്ലാതാക്കി ദരിദ്ര ജനവിഭാഗത്തിന്റെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ഈ കാലഘട്ടത്തിൽ പെൻഷൻ ആനൂകൂല്യങ്ങൾ വർദ്ധിപ്പിച്ച് അവ കൂടുതൽ ആളുകളിലേക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് എത്തിക്കുന്ന ദരിദ്രപക്ഷ ബദൽ വികസന നയങ്ങളുമായിട്ടാണ് ഈ സർക്കാർ മുന്നോട്ടു പോകുന്നത്.