ജോഹന്നാസ്ബര്‍ഗ്: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീണ്ടും മദ്യ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ദക്ഷിണാഫ്രിക്ക. മദ്യശാലകള്‍ തുറന്നത് രോഗികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നതിലാണ് നടപടിയെന്ന് പ്രസിഡന്‍റ് സിറില്‍ റാമഫോസെ പറഞ്ഞു. ദേശീയ ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനു കൂടി വേണ്ടിയാണ് രാജ്യത്ത് വീണ്ടും മദ്യ നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത കോവിഡ് ബാധിരതുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തെ തുടര്‍ന്ന് നേരത്തേ തന്നെ രാജ്യത്തുട നീളം രാത്രി യാത്രാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം പൊതു നിരത്തുകളില്‍ ഇറങ്ങുന്നവര്‍ മാസ്‌ക്ക് ധരിക്കുന്നതും കര്‍ശനമാക്കിയിരിക്കുകയാണ്.
രാജ്യത്ത് ഏര്‍പ്പെടുത്തിയ മദ്യ നിരോധനത്തെ തുടര്‍ന്ന് ജൂണില്‍ മദ്യവില്‍പ്പനയും വിതരണവും പുനസ്ഥാപിച്ചിരുന്നു. മദ്യവിതരണം പുനരാരംഭിച്ചതോടെ ട്രോമ എമര്‍ജന്‍സി വാര്‍ഡുകളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവെന്നും റാമഫോസ വ്യക്തമാക്കി. വരും മാസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്നും ആ സമയം ആശുപത്രി കിടക്കകളുടെയും ഓക്‌സിജന്‍റെയും കുറവ് ഉണ്ടാകുമെന്ന് ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് 4,000ത്തിലധികം ആളുകളാണ് ഇതുവരെ മരിച്ചത്. എന്നാല്‍ നിലവിലെ സ്ഥിതി രൂക്ഷമാവുകയാണെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ മരണ സംഖ്യ അമ്പതിനായിരത്തിലധികം ആകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രവചനം.