English हिंदी

Blog

facemask

കോവിഡ് കേസുകളില്‍ കുറവു വന്ന സാഹചര്യത്തില്‍ മുഖാവരണം ധരിക്കുന്നത് ഒഴിവാക്കി ഖത്തര്‍

ദോ : ലോകകപ്പിനെ വരവേല്‍ക്കുന്ന ഖത്തറില്‍ ഇനി മുതല്‍ മുഖാവരണം അനിവാര്യമല്ലെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് വന്നതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

അടച്ചിട്ട പൊതു ഇടങ്ങളില്‍ മുഖാവരണം നിര്‍ബന്ധമാക്കിയിരുന്ന നിയന്ത്രണത്തിനാണ് ഇളവ്. എന്നാല്‍, പൊതുഗതാഗതത്തിനും ആശുപത്രികള്‍ക്കും നിയന്ത്രണങ്ങള്‍ക്ക് ഇളവില്ല. ഇവിടങ്ങളില്‍ മുഖാവരണം നിര്‍ബന്ധമാണ്.

പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് കേസുകളുടെ വ്യാപനം വിശകലനം ചെയ്ത് നിയന്ത്രണങ്ങളില്‍ കര്‍ക്കശ മാനദണ്ഡങ്ങളും ഇളവുകളും വരുത്തും.

കഴിഞ്ഞ ജൂലൈയിലാണ് അടച്ചിട്ട പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വന്ന സാഹചര്യത്തിലായിരുന്നു ഇത്.

സിനിമാഹാള്‍, ഷോപ്പിംഗ് മാള്‍, പള്ളികള്‍ എന്നിവടങ്ങളില്‍ മുഖാവരണം ഇനി മുതല്‍ നിര്‍ബന്ധമല്ല.

മെട്രോ, ബസ്, തുടങ്ങിയ പൊതുഗതാഗതയിടങ്ങളിലും ആശുപത്രികള്‍, ക്ലിനിക്കുകള്‍, വാക്‌സിന്‍, പിസിആര്‍ ടെസ്റ്റ് സെന്ററുകള്‍ എന്നിവടങ്ങളില്‍ മുഖാവരണം നിര്‍ബന്ധമാണ്.