
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം വി. സുരേന്ദ്രനെയും, സാഹിത്യ വിഭാഗത്തിൽ ശ്രീ. സന്തോഷ് വർമ്മയെയും പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു.
2025 ഓഗസ്റ്റ് 27ന് തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. തുടര്‍ന്ന് വൈകിട്ട് 6.30 മുതൽ സംഗീത വിദ്വാൻ ചെന്നൈ ശ്രീ ഡി.ബി. അശ്വിന്റെ മുഖ്യ സംഗീത കച്ചേരിയും അരങ്ങേറും.
അന്നേ ദിവസം രാവിലെ 8 മുതൽ രാത്രി 8 വരെ പതിനായിരത്തിലധികം സംഗീതപ്രേമികളെ ലക്ഷ്യമാക്കി, 10 രാഷ്ട്രങ്ങളിലായി നടത്തുന്ന സംഗീത കച്ചേരികൾ ഓൺലൈനിൽ സംയോജിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര ഗണേശ സംഗീതോത്സവവും ട്രസ്റ്റ് സംഘടിപ്പിക്കുന്നു. ഇതു ട്രസ്റ്റിന്റെ വാർഷികമായി നടത്തിവരുന്ന ശ്രദ്ധേയമായ സംഗീതോത്സവമാണ്.
ശ്രീ പൂർണത്രയീശ സംഗീത സഭയുടെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് ഈ വർഷത്തെ സംഗീതോത്സവം “സുവർണ്ണ ജൂബിലി അന്താരാഷ്ട്ര സംഗീത സദസ്സ്” എന്ന പേരിൽ സമർപ്പിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് പി. കെ. ശ്രീദേവി വർമ, ചേംബർ ഇന്റർനാഷണൽ കോർഡിനേറ്റർ പി. കെ. സജിത്ത് കുമാർ, വൈസ് ചെയർമാൻ കെ. പി. രാജ്‌മോഹൻ വർമ എന്നിവർ അറിയിച്ചു.