മലപ്പുറം: സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പൊന്നാനി താലൂക്കില്‍ ഞായറാഴ്ച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം താലൂക്കില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്.
സമ്പൂര്‍ണ ലോക്ക്ഡൗണിന്‍റെ ഭാഗമായി ഞായറാഴ്ച്ച താലൂക്ക് പൂര്‍ണമായി അടച്ചിടും. പ്രദേശത്തെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍, ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങി 25-ലധികംപേര്‍ക്ക് ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
മേഖലയില്‍ അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള സ്ഥാപനങ്ങളും കടകളും പ്രവര്‍ത്തിക്കില്ല. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമെ യാത്രകള്‍ അനുവദിക്കുകയുള്ളൂ. പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിന് മുകൡ പ്രായമുള്ളവര്‍, രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ചികിത്സാ ആവശ്യത്തിനല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. വ്യാപാരസ്ഥാപനങ്ങളില്‍ ഒരുകാരണവശാലും എയര്‍ കണ്ടീഷ്ണര്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.