മസ്കത്ത്: ദോഫാറിലെ പ്രധാന കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹർവീബ്-അൽ മസ്യൂൻ-മിതൻ റോഡ് പദ്ധതിയുടെ 57 ശതമാനവും പൂർത്തിയായതായി ഗതാഗത, ആശയവിനിമയം, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. 210 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് 2026ലെ നാലാം പാദത്തോടെ പൂർണ്ണമായി പൂർത്തിയാക്കാനാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായ് നിലവിൽ അൽ മസ്യൂനിലെ മധ്യഭാഗത്ത് നിന്നു മിതൻ മേഖലയിലേക്കുള്ള 90 കിലോമീറ്റർ ദൂരം ടാറിങ്ങ് പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഇതിൽ, അടുത്തിടെ പൂർത്തിയായ 30 കിലോമീറ്റർ ഭാഗം അൽ മസ്യൂന-തോസ്നത്ത് റോഡിന്റെ ഭാഗമാണ്.
റോഡിന്റെ നിർമ്മാണത്തിൽ മഴവെള്ള ഡ്രെയിനേജ് സംവിധാനം, വെള്ളപ്പൊക്ക പ്രതിരോധം, ട്രാഫിക് സൈൻബോർഡുകൾ, റോഡ് മാർക്കിംഗുകൾ തുടങ്ങിയ മുഴുവൻ ഗതാഗതസുരക്ഷാ ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർത്തിയായ ഭാഗങ്ങളിൽ ഗ്രൗണ്ട് പെയിന്റിംഗ്, സൈൻബോർഡ് സ്ഥാപിക്കൽ തുടങ്ങിയ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
പദ്ധതി നാലു പ്രധാന ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്:
- ഹർവീബ് – അന്ദാത്ത് (45 കി.മി.)
- അന്ദാത്ത് – തോസ്നാത്ത് (26 കി.മി.)
- തോസ്നാത്ത് – അൽ മസ്യൂൻ (39 കി.മി.)
- അൽ മസ്യൂൻ – മിതൻ (90 കി.മി.)
ഇതിനോടൊപ്പം 11 കിലോമീറ്റർ ദൈർഘ്യമുള്ള അന്ദാത്ത് – ഹബ്രൗത്ത് റോഡിന്റെയും നിർമ്മാണം ഉൾപ്പെടുത്തിയിട്ടുണ്ട്. അൽ മസ്യൂൻ പ്രദേശത്തെ പ്രധാന കേന്ദ്രങ്ങളെ സാമ്പത്തികമേഖലകളുമായി ബന്ധിപ്പിക്കുന്നതിനും വികസനം വേഗത്തിലാക്കുന്നതിനും ഈ റോഡ് നിർണായകമാണ്.
വിലായത്തിലെ അൽ മസ്യൂൻ ലാൻഡ് പോർട്ടും ഫ്രീസോണും ഈ റോഡിലൂടെ ബന്ധിപ്പിക്കപ്പെടുന്നതായും, ഇത് യെമൻ അതിർവരെയും എത്തുന്ന പ്രധാന ഗതാഗതമാർഗമാവുന്നതും അധികൃതർ വ്യക്തമാക്കി. വ്യാപാര, വിനോദസഞ്ചാര, സാമൂഹിക മേഖലകളിലെ വികസനത്തിന് ഈ റോഡ് വലിയ പിന്തുണ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.