മസ്കത്ത്: ജല, വൈദ്യുതി നിരക്ക് ഉയർത്താൻ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് അതോറിറ്റി ഫോർ പബ്ലിക് സർവിസസ് റെഗുലേഷൻ (എ.പി.എസ്.ആർ) നിഷേധിച്ചു. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾ ശ്രദ്ധയിപ്പെട്ടതിനെതുടർന്നാണ് അധികൃതർ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. 2024ൽ വൈദ്യുതി, ജല നിരക്കുകൾ ക്രമാനുഗതമായി വർധിപ്പിക്കുമെന്നും 2025ൽ സബ്സിഡികൾ പൂർണമായും പിൻവലിക്കുമെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.
2024 ലെ വൈദ്യുതി നിരക്ക് ഔദ്യോഗിക മാർഗങ്ങളിലൂടെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മാറ്റമില്ലെന്നും അതോറിറ്റി സ്ഥിരീകരിച്ചു. 2025ൽ സബ്സിഡികൾ പൂർണമായും ഇല്ലാതാക്കാൻ പദ്ധതിയില്ലെന്നും കൃത്യമായ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കുമായി ഔദ്യോഗിക ചാനലുകളെ ആശ്രയിക്കാൻ പൊതജനങ്ങൾ തയ്യാറാകണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.
