കുവൈത്ത് സിറ്റി: വേനൽക്കാലത്ത് കുവൈത്തിൽനിന്ന് ഇത്തവണ മുൻവർഷങ്ങൾക്ക് സമാനമായി യാത്രക്കാർ ഉണ്ടായില്ലെന്ന് വിലയിരുത്തൽ. ഇത്തവണ യാത്രക്കാരുടെ എണ്ണത്തിൽ വൻകുറവ് സംഭവിച്ചതായി ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ടിക്കറ്റ് റിസർവേഷനുകളിൽ 30 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
പ്രാദേശിക പ്രതിസന്ധികൾ, പണപ്പെരുപ്പം, സാമ്പത്തിക വെല്ലുവിളികൾ എന്നിവ യാത്രവെട്ടിച്ചുരുക്കാൻ കാരണമായതായാണ് സൂചന. ഇസ്രായേൽ, ഫലസ്തീൻ ആക്രമണവും ഇറാൻ, ലെബനൻ എന്നിവിടങ്ങളിലെ പ്രതിസന്ധികളും മേഖലയിലെ സംഘർഷ സാധ്യതയും യാത്രക്കാർക്കിടയിൽ ആശങ്ക വർധിപ്പിച്ചതായി ട്രാവൽ വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇത് ലബനൻ, ഈജിപ്ത്, തുർക്കിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളി ലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടാക്കി.
പല രാജ്യങ്ങളിലേയും വർധിച്ചുവരുന്ന പണപ്പെരുപ്പ നിരക്ക് യാത്രാ ചെലവുകൾ വർധിപ്പിക്കുകയും ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ കുറക്കുകയും ചെയ്തു.അതേസമയം, മേഖലയിൽ ഫ്ലൈറ്റുകളുടെ സർവിസുകൾ അധികരിച്ചത് ടിക്കറ്റ് നിരക്ക് കുറയുന്നതിന് കാരണമായി. എന്നാൽ യാത്രക്കാർ കുറഞ്ഞതോടെ പല വിമാന കമ്പനികളും 30 മുതൽ 40 ശതമാനം വരെ കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദി വസങ്ങളിൽ തുർക്കിയിലേക്കുള്ള വിമാന നിരക്ക് 100 ദീനാറിൽ താഴെ എത്തുമെന്നാണ് പ്രതീക്ഷ.
